അയോദ്ധ്യ : നൂറുകോടി ജനതയുടെ നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഇന്ന് വിരാമം. പ്രാണ പ്രതിഷ്ഠക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കനത്ത സുരക്ഷയാണ് അയോദ്ധ്യയിൽ ഒരുക്കിയിരിക്കുന്നത്. രാവിലെ ആറ് മണിയോടെ പൂജാദികര്‍മ്മങ്ങള്‍ക്ക് തുടക്കമായി.
12.20 മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിക്കും. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഗര്‍ഭഗൃഹത്തില്‍ സാന്നിധ്യമാകും. 12 മണി 29 മിനിട്ട് എട്ട് സെക്കന്‍ഡ് മുതല്‍ 12 മണി 30 മിനിട്ട് 32 സെക്കന്‍ഡ് വരെ അഭിജിത് മുഹൂര്‍ത്തത്തില്‍ (84 സെക്കന്‍ഡ്) ബാലകരാമ വിഗ്രഹത്തിലേക്ക് പ്രാണപ്രവേശം നടക്കും. കണ്ണുകളുടെ ബന്ധനം നീക്കി രാമന്‍ തന്റെ പ്രജകളെ കാണും. രാമന്‍ ജന്മഭൂമിയിലേക്ക് മടങ്ങിയെത്തി തന്റെ പ്രജകളെ കാണുന്ന പുണ്യനിമിഷം.
ഇന്ന് പുലർച്ചെ മുതൽ ആരംഭിച്ചു. ക്ഷേത്രം നിൽക്കുന്ന പഴയ അയോധ്യ നഗരപരിധിയിലെ താമസക്കാരെയല്ലാതെ പുറത്തു നിന്നുള്ള ഒരു ഭക്തരെയും ഇന്ന് പ്രവേശിപ്പിക്കില്ല. കൂടാതെ പ്രാണ പ്രതിഷ്ഠ ചടങ്ങിനു പാസുള്ളവർക്കും മാധ്യമങ്ങൾക്കും മാത്രമാണ് ഇന്ന് പ്രവേശനം. പ്രതിഷ്ഠക്ക് ശേഷം നാളെ മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.
ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി പതിനൊന്ന് ദിവസത്തോളമായി വ്രതത്തിലാണ്. അതിനോടനുബന്ധിച്ച് കേരളത്തില്‍ ഗുരുവായൂരും, തൃപ്രയാര്‍ ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തി. ശേഷം തമിഴ്‌നാട്ടില്‍ ധനുഷ്‌കോടി കോതണ്ഡ രാമസ്വാമി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി ദര്‍ശനം നടത്തി. രാമസേതു നിര്‍മ്മിച്ചെന്ന് വിശ്വസിക്കപ്പെടുന്ന അരിച്ചാല്‍ മുനയും മോദി സന്ദര്‍ശിച്ചിരുന്നു. അവിടുന്ന്, ലങ്കയില്‍ നിന്ന് സീത വന്നിറങ്ങിയെന്ന് വിശ്വസിക്കുന്ന കടല്‍ക്കരയില്‍ ദശപുഷ്പാഭിഷേകം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങിയത്.

