അയോദ്ധ്യ : വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം രാമമന്ത്ര മുഖരിതമായ അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർണം. രാജ്യത്തെ പൗരപ്രമുഖരെ സാക്ഷിനിർത്തി പ്രാർഥനാനിർഭരമായ ചടങ്ങുകൾക്കൊടുവിൽ അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടന്നു. ആചാരപരമായ ചടങ്ങുകൾക്ക് മുഖ്യ യജമാനൻ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകി. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്. പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്. ആർഎസ്എസ് മേധാവി മോഹൻ ഭഗവന്തും, യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്തു. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള 84 സെക്കൻഡ് ശുഭമുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിൽ എത്തുന്നതിന് മുമ്പ് അയോധ്യയിലെ രാമക്ഷേത്ര പരിസരത്ത് ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനായി 11 ദിവസത്തെ ആചാരങ്ങൾ പ്രധാനമന്ത്രി മോദി അനുഷ്ഠിച്ചിരുന്നു.
ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും മറ്റ് സൂപ്പർ താരങ്ങളായ രൺബീർ കപൂർ, ആലിയ ഭട്ട്, കത്രീന കൈഫ്, വിക്കി കൗശൽ എന്നിവരും ഉൾപ്പെടെ നിരവധി അതിഥികൾ ചടങ്ങിൽ പങ്കെടുക്കുന്നതിനായി അയോധ്യയിലെത്തി. ക്രിക്കറ്റ് ഐക്കൺമാരായ സച്ചിൻ ടെണ്ടുൽക്കറും അനിൽ കുംബ്ലെ, വ്യവസായ പ്രമുഖരായ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മകൾ ഇഷ അംബാനിയും ഉൾപ്പെടെയുള്ളവർ ചടങ്ങിനായി ക്ഷേത്രത്തിലെത്തി. മറ്റു ഭാഷകളിൽ നിന്നും നിരവധി പ്രമുഖരാണ് പരിപാടിയിൽ പങ്കെടുത്തത്.
Discussion about this post