അയോദ്ധ്യ: അയോദ്ധ്യയിലെ ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിന് പിന്നാലെ 11 ദിവസത്തെ വൃതം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവിന്ദ് ദേവ് ഗിരി മഹാരാജ് നൽകിയ ‘ചരണാമൃത്’ കുടിച്ചാണ് അദ്ദേഹം കഠിന വൃതത്തിന് അന്ത്യം കുറിച്ചത്. 11 ദിവസത്തെ ആചാരാനുഷ്ഠാനങ്ങൾ വിജയകരമായി പൂർത്തിയാക്കിയ പ്രധാനമന്ത്രിയുടെ ഭക്തിയെ ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പ്രശംസിച്ചു.
ജനുവരി 12 ന് ആണ് അയോധ്യയിൽ രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങ് വരെ 11 ദിവസത്തെ പ്രത്യേക വ്രതം അനുഷ്ഠിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. “ചരിത്രപരവും” “മംഗളകരമായ” അവസരവും എന്ന് താൻ വിശേഷിപ്പിച്ചതിന് സാക്ഷിയാകാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശത്തിലൂടെയായിരുന്നു പ്രഖ്യാപനം.

