അയോദ്ധ്യ: നീണ്ട കാലത്തെ തപസ്യയ്ക്ക് ശേഷം ശ്രീരാമൻ എത്തിയെന്ന് പ്രധാനമന്ത്രി. ത്യാഗത്തിന്റെയും തപസിൻ്റെയും ഫലമാണതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ഇന്നാണ് ദീപാവലിയെന്നും വൈകുന്നേരങ്ങളിൽ വീടുകളിൽ രാമജ്യോതി തെളിയുമെന്നും മോദി കൂട്ടിച്ചേർത്തു. ശ്രീരാമരന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ നീതിനല്‍കിയ ഇന്ത്യന്‍ ജുഡീഷ്യറിയോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് ശേഷം അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീരാമന്റെ അനുഗ്രഹം തനിക്ക് ലഭിച്ചു. രാമസേതുവിൽ നിന്നാണ് താനിവിടേക്ക് വരുന്നത്. ഇത്രയും കാലം രാമക്ഷേത്രം വൈകിയതിന് ക്ഷമ ചോദിക്കുന്നുവെന്നും വിഗ്രഹത്തിനൊപ്പം ചെലവഴിച്ച സമയം വൈകാരികമായിരുന്നുവെന്നും മോദി പറഞ്ഞു. ഇന്നേ ദിവസം വിജയത്തിന്റേതല്ല, വിനയത്തിന്റേതാണെന്നും പ്രധാനമന്ത്രി കുട്ടിച്ചേർത്തു. രാമക്ഷേത്രം നിര്‍മിച്ചത് നിയമമനുസരിച്ചാണെന്നും കോടതിയോട് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 22, 2024, കലണ്ടറില്‍ എഴുതിയിരിക്കുന്ന വെറുമൊരു തീയതിയല്ല. അത് ഒരു പുതിയ സമയചക്രത്തിന്റെ തുടക്കമാണ്. രാംലല്ല ഇനി ടെന്റില്‍ താമസിക്കില്ല, ഗംഭീരമായ ക്ഷേത്രത്തിലാകും ഇന്ന് മുതല്‍ വസിക്കുക. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനും എണ്ണമറ്റ ത്യാഗങ്ങള്‍ക്കും തപസ്സിനും ശേഷം നമ്മുടെ ശ്രീരാമന്‍ വന്നിരിക്കുന്നു. രാമന്‍ തര്‍ക്കമല്ല പരിഹാരമാണെന്നും മോദി കൂട്ടിച്ചേർത്തു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷവും ആളുകള്‍ ഈ തീയതിയും നിമിഷവും ഓര്‍ക്കും. രാമന്റെ പരമമായ അനുഗ്രഹമാണ് നാം അതിന് സാക്ഷ്യം വഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

