ഗുവാഹത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘർഷം. യാത്ര ഗുവാഹത്തിയിലേക്ക് കടക്കുന്നത് പൊലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷം. രാഹുലിൻറെ സാന്നിധ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് പൊളിച്ച് നീക്കിയതിനെ തുടർന്ന് പൊലീസ് ലാത്തിവീശുകയായിരുന്നു. പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് നേതാക്കൾ അറിയിച്ചു.
അസം സർക്കാറിൻ്റെ വിലക്ക് മറികടന്നാണ് ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ പ്രവേശിച്ചത്. യാത്രയെ തടയാൻ പറ്റില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞിരുന്നു. ഗതാഗത കുരുക്കിൻറെയും സംഘർഷ സാധ്യതയും കണക്കിലെടുത്താണ് സർക്കാർ യാത്രക്ക് അനുമതി നിഷേധിച്ചത്. യാത്ര നഗരത്തിലേക്ക് കടന്നാൽ അറസ്റ്റ് ഉൾപ്പെടെ ഉണ്ടാകുമെന്ന് സൂചനയും നൽകിയിരുന്നു.
ഇന്നലെ നാഗോൺ ജില്ലയിലെ ശങ്കർദേവന്റെ ജന്മസ്ഥലമായ ദേവാലയത്തിൽ രാഹുൽ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ചിരുന്നു. മണിപ്പൂരിലെ തൗബാൽ ജില്ലയിൽ നിന്ന് ജനുവരി 14ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 15 സംസ്ഥാനങ്ങളിലൂടെയും 100 ലോക്‌സഭാ സീറ്റുകളിലൂടെയും സഞ്ചരിക്കും. 110 ജില്ലകളിലൂടെ 67 ദിവസങ്ങളിലായി 6,700 കിലോമീറ്ററുകളാണ് ഭാരത് ജോഡോ ന്യായ് യാത്ര നടന്ന് നീങ്ങുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആരംഭിച്ച യാത്ര മാർച്ച് 20ന് മഹാരാഷ്ട്രയിൽ സമാപിക്കും.
Discussion about this post