അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. അസം മുഖ്യമന്ത്രിയുടെ നിയന്ത്രണം അമിത് ഷായുടെ കൈയിലാണെന്നും ആരുടെ നിർദ്ദേശപ്രകാരമാണ് തന്നെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതെന്നും രാഹുൽ തുറന്നടിച്ചു. തനിക്കെതിരെ കഴിയുന്നത്ര കേസുകൾ രജിസ്റ്റർ ചെയ്യാം. ബിജെപിക്കും ആർഎസ്എസിനും തന്നെ ഭയപ്പെടുത്താനാവില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
“മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും അടിസ്ഥാനത്തിൽ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്, എന്നാൽ കോൺഗ്രസ് രാജ്യത്തെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു. ബിജെപി-ആർഎസ്എസ് ആശയങ്ങൾ മണിപ്പൂരിനെ ചുട്ടെരിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇതുവരെ മണിപ്പൂർ സന്ദർശിച്ചിട്ടില്ല. ഭാരതം സ്നേഹത്തിന്റെ രാജ്യമാണ്, വെറുപ്പിന് ഇടമില്ല. നാം ഒന്നിച്ച് മുന്നോട്ട് പോകും. അക്രമവും വിദ്വേഷവും ആർക്കും ഗുണം ചെയ്യില്ല”രാഹുൽ പറഞ്ഞു.
കഴിഞ്ഞ ദിവസം, ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. അസമിലെ മുഖ്യമന്ത്രി വിദ്വേഷം 24×7 പ്രചരിപ്പിക്കുന്നു. അദ്ദേഹം രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്ന് രാഹുൽ പറഞ്ഞു. ആസാമിന്റെ മുഖ്യമന്ത്രിയുടെ നിയന്ത്രണം അമിത് ഷായുടെ കൈയിലാണെന്നും. അമിത് ഷായ്‌ക്കെതിരെ എന്തെങ്കിലും പറയാൻ അദ്ദേഹം ധൈര്യപ്പെട്ടാൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് ഭയപ്പെടുന്നുവെന്നും രാഹുൽ വിമർശിച്ചു.

