മുംബൈ: ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ഓഹരിവിപണിയായി ഇന്ത്യ. ഹോങ്കോങ്ങിനെ പിന്തള്ളിയാണ് ഇന്ത്യ നാലാം സ്ഥാനത്തേക്ക് കുതിച്ചത്. സാമ്പത്തിക നയങ്ങളിലെ പരിഷ്കാരങ്ങളും സാമ്പത്തിക വളര്‍ച്ചയ്‌ക്കുള്ള സാധ്യതയുമാണ് ഇന്ത്യയെ ഉയര്‍ത്തിയത്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ടാണ് ഇന്ത്യയുടെ ഈ നേട്ടം കൈവരിച്ചത്. ബ്ലൂംബർഗ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടരിക്കുന്നത്.
കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് ഇന്ത്യൻ ഓഹരി വിപണിയുടെ വിപണി മൂല്യം ആദ്യമായി നാല് ട്രില്യൺ ഡോളർ കടന്നത്. നിലവിൽ ഇന്ത്യന്‍ ഓഹരി വിപണിയിലെ ഓഹരികളുടെ മൊത്തം മൂല്യം 4.33 ലക്ഷം കോടി ഡോളറായി ഉയര്‍ന്നു. ഹോങ്കോങ്ങിന്റെ ഓഹരിവിപണിയുടെ മൊത്തം മൂല്യം വെറും 4.29 ലക്ഷം കോടി ഡോളര്‍ മാത്രമാണ്. മോദി സര്‍ക്കാരിന്റെ നയപരിഷ്കാരങ്ങള്‍ ഈ വളര്‍ച്ചയില്‍ ഒരു നിര്‍ണ്ണായകഘടകമായി.
വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ പണമൊഴുക്കുന്നതും റീടെയിൽ നിക്ഷപകർ ഓഹരി വിപണിയിൽ കൂടുതലായി പണമിറക്കുന്നതുമാണ് ഇന്ത്യയ്‌ക്ക് അനുകൂലഘടകമായത്. കൂടാതെ ഇന്ത്യയുടെ കോര്‍പറേറ്റ് കമ്പനികളുടെ മെച്ചപ്പെട്ട സാമ്പത്തിക ഫലങ്ങളും മറ്റൊരു അനുകൂല ഘടകമാണ്. ചൈനക്ക് ബദലായ സമ്പദ്ഘടനയായി ഇന്ത്യ വളര്‍ന്നുവരുന്നതും വിപണിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ സുസ്ഥിരമായ രാഷ്‌ട്രീയ അന്തരീക്ഷവും അതിവേഗം വളരുന്ന രാജ്യങ്ങളുടെ പട്ടികയിൽ തുടരുന്നതും ഈ വളർച്ചക്ക് കാരണമായി.
Discussion about this post