ജനുവരി 12 നാണ് പ്രധാനമന്ത്രി തന്റെ 11 ദിവസത്തെ രാമായണ തീർത്ഥാടനം ആരംഭിച്ചത്. ശ്രീരാമന്റെ വനവാസകാലവുമായി ബന്ധപ്പെടുത്തുന്ന ഐതിഹ്യങ്ങളുള്ള ഏഴ് ക്ഷേത്രങ്ങളിലാണ് പ്രാണപ്രതിഷ്ഠയ്ക്ക് മുമ്പ് നരേന്ദ്ര മോദി ദർശനം നടത്തിയത്.
ജനുവരി 12ന് മഹാരാഷ്ട്രയിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ ക്ഷേത്ര സന്ദർശനം. മഹാരാഷ്ട്രയിലെ നാസിക്കിൽ സ്ഥിതി ചെയ്യുന്ന രാംകുണ്ഡിൽ. ഗോദാവരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന രാംകുണ്ഡ് നാസിക്കിലെ ഏറ്റവും പുണ്യസ്ഥലമാണ്. വനവാസകാലത്ത് ശ്രീരാമൻ കുളിച്ചിരുന്നത് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു.
പിന്നീട് പ്രധാനമന്ത്രി സന്ദർശിച്ചത് നാസിക്കിലെ പഞ്ചവടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കലാറാം ക്ഷേത്രമാണ്.. രാമായണ കഥയനുസരിച്ച്, ശ്രീരാമൻ ‘ സീതയ്ക്കും ലക്ഷ്മണനുമൊപ്പം , ഏകദേശം രണ്ടര വർഷത്തോളം ഇവിടെ താമസിച്ചു എന്നാണ് വിശ്വാസം.
അവിടെ നിന്നും ആന്ധ്രാപ്രദേശിലേക്കായിരുന്നു പ്രധാനമന്ത്രിയുടെ അടുത്ത യാത്ര. നാസിക്കിൽ നിന്ന് 1000 കിലോമീറ്റർ അകലെ ആന്ധ്രാപ്രദേശിലെ ലേപാക്ഷിയിലേക്ക്. തെലുഗു ഭാഷയിൽ ‘എഴുന്നേൽക്കൂ, ഓ പക്ഷി’ എന്നാണ് ലേപാക്ഷി എന്ന വാക്കിന്റെ അർത്ഥം.
ഇവിടെ വച്ചാണത്രെ ശ്രീരാമനും ലക്ഷ്മണനും സീതയെ അന്വേഷിച്ച് പോകും വഴി ജടായുവിനെ കാണുകയും, രാവണൻ സീതയെ തട്ടിക്കൊണ്ടുപോയ വിവരം അറിയുകയും ചെയ്യുന്നത്.
ആന്ധ്രയിൽ നിന്ന് ജനുവരി 17 ന് പ്രധാനമന്ത്രിയെത്തുന്നത് കേരളത്തിലേക്കാണ്. തൃപ്രയാറിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തി അദ്ദേഹം ദർശനം നടത്തി.
ക്ഷേത്രത്തിന് നേരിട്ട് രാമായണമായി ബന്ധമില്ലെങ്കിലും, ഇവിടത്തെ പ്രധാന വഴിപാടായ കതിനവെടി രാമായണമായി ബന്ധപ്പെട്ടിരിക്കുന്നു. ഹനുമാൻ ലങ്കയിലേക്കുപോയി തിരിച്ചുവന്നപ്പോൾ ശ്രീരാമനോട് താൻ സീതയെ കണ്ട വിവരം ആകാശത്തുനിന്നും മൂന്നുലോകവും കേൾക്കുന്ന വിധത്തിൽ വിളിച്ചുപറഞ്ഞു.
ആ ശബ്ദത്തിന്റെ ചെറുപതിപ്പാണ് തൃപ്രയാറിലെ കതിനവെടി എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ജനുവരി 20-ന് അദ്ദേഹം തമിഴ്നാട്ടിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രലെത്തി. ഐതിഹ്യമനുസരിച്ച്, ലങ്ക യുദ്ധത്തിൽ തന്നെ സഹായിച്ചതിന് നന്ദി സൂചകമായി ശ്രീരാമൻ രാവണന്റെ സഹോദരൻ വിഭീഷണന് സ്വന്തം രാജവംശത്തിന്റെ വിഷ്ണു ശിൽപം നൽകി.
ശ്രീരംഗത്ത് വച്ചാണ് വിഭീഷണന് രാമൻ ശിൽപം കൈമാറിയതെന്നാണ് വിശ്വാസം, പിന്നീട് വർഷങ്ങൾക്ക് ശേഷം ചോള രാജവംശത്തിലെ രാജാവ് ശിൽപം കണ്ടെത്തുകയും, അവിടെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രം സ്ഥാപിക്കുകയായിരുന്നു.
ശേഷം പ്രധാനമന്ത്രി പോയത്ത് അരിച്ചാൽ മുനൈ പോയിന്റിലേക്കാണ്. തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിലെ ധനുഷ്‌കോടി ബീച്ചിലാണ് അരിച്ചാൽ മുനൈ പോയിന്റ് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ബംഗാൾ ഉൾക്കടലും മാന്നാർ ഉൾക്കടലും കൂടിച്ചേരുന്ന സ്ഥലമാണിത്. സീതയെ രക്ഷിക്കാൻ ലങ്കയിലെത്താൻ രാമന്റെ ‘വാനര സേന’ നിർമ്മിച്ച രാമസേതു എന്ന പാലത്തിന്റെ ആരംഭം ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു. അവിടെ നിന്ന് രാമസേതുവും നമ്മുക്ക് കാണാൻ സാധിക്കും
പിന്നീട് മോദി ദർശിച്ചത് രാമേശ്വരത്തുള്ള കോതണ്ഡരാമസ്വാമി ക്ഷേത്രമാണ്, ശ്രീരാമന്റെ പ്രതിഷ്ഠയാണിവിടെ. രാമൻ, ലക്ഷ്മണൻ, സീത, ഹനുമാൻ, രാവണന്റെ സഹോദരൻ വിഭീഷണൻ എന്നിവരുടെ വിഗ്രഹങ്ങൾ ക്ഷേത്രത്തിലുണ്ട്. വിഭീഷണൻ രാമന് മുന്നിൽ അഭയം തേടിയ സ്ഥലമാണ് ഈ ക്ഷേത്രമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
മഹാരാഷ്ട്രയിലെ പഞ്ചവടി മുതൽ തമിഴ്‌നാട്ടിലെ ധനുഷ്‌കോടി വരെയുള്ള രാമായണവുമായി അഭേദ്യ ബന്ധമുള്ള ഈ ആത്മീയ പാതകൾ പിന്നിട്ടാണ് പ്രധാനമന്ത്രി അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠയ്ക്കെത്തിയത്
Discussion about this post