ഡൽഹി: എ ഐ മേഖലയിലെ ഇന്ത്യയുടെ സ്വാധീനം ഉറപ്പിക്കുന്നതിന് ഗവേഷണ, വ്യവസായ സൗകര്യങ്ങൾ ഉറപ്പാക്കുന്ന ‘ഇന്ത്യ എ ഐ’ പദ്ധതി നടപ്പാക്കുന്നതിന് മന്ത്രിസഭയുടെ അനുവാദം തേടുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഇതുമായി ബന്ധപ്പെട്ട് 24,500 ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകൾ അടങ്ങുന്ന ത്രിതല കമ്പ്യൂട്ട് അടിസ്ഥാന സൗകര്യം സ്ഥാപിക്കുന്നതിന് സർക്കാർ രൂപീകരിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വർക്കിംഗ് ഗ്രൂപ്പുകൾ ശുപാർശ ചെയ്തതായി മന്ത്രി അറിയിച്ചു. ഉത്തർ പ്രദേശിലെ നോയിഡയിൽ അർദ്ധചാലക കേന്ദ്രീകൃത സോഫ്റ്റ്വെയർ കമ്പനിയായ സിനോപ്സിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ രൂപീകരിക്കുന്ന ഇന്ത്യ എ ഐ പദ്ധതിക്ക് പര്യാപ്തമായ കമ്പ്യൂട്ടർ അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്തെ സ്വകാര്യ ഡാറ്റാ സെന്ററുകളിലും പൊതുമേഖല സ്ഥാപനമായ സിഡാക്ക് നടത്തുന്ന ഡാറ്റാ സെന്ററുകളിലും നിർമ്മിക്കും. സിപിയു അടിസ്ഥാനമാക്കിയുള്ള സെർവറുകളെ അപേക്ഷിച്ച്, ജിപിയു ഉപയോഗിച്ച് ഉയർന്ന വേഗതയിൽ ഡാറ്റ പ്രോസസ്സ് ചെയ്യാൻ സാധിക്കും. അതിനാൽ ഭാവിയിൽ ജിപിയു അടിസ്ഥാനമാക്കിയുള്ള സെർവറുകൾക്ക് ആവശ്യക്കാർ ഏറും.
ഇലക്ട്രോണിക്സ്,അർദ്ധചാലകങ്ങളുടെയും നവീകരണ മേഖലകളിൽ ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post