ന്യൂദല്‍ഹി : രാജ്യത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനഘോഷങ്ങളുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ഏഴ് മണിയോടെയാണ് രാഷ്ട്രപതി അഭിസംബോധന ചെയ്ത് സംസാരിക്കുക. രാജ്യം ഇതുവരെ കൈവരിച്ച നേട്ടങ്ങളും വെല്ലുവിളികളുമായിരിക്കും പ്രസംഗത്തിന്റെ ഉൾപ്പെടുക. ഡൽഹിയിൽ കർത്തവ്യ പാതയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയാകും.
രണ്ട് ദിവസത്തെ സന്ദർശനത്തിന് രാജസ്ഥാനിലെ ജയ്പൂരിലാണ് മാക്രോൺ എത്തുന്നത്. തുടർന്ന് ജന്തർമന്ദറിലേക്ക് പോകുന്ന അദ്ദേഹം അവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. കരകൗശല വിദഗ്ധർ, ഇൻഡോ-ഫ്രഞ്ച് സാംസ്കാരിക പദ്ധതികളിലെ പങ്കാളികൾ, വിദ്യാർത്ഥികൾ എന്നിവരുമായി ഇരുനേതാക്കളും സംവദിക്കും. പ്രധാനമന്ത്രി മോദിയും മാക്രോണും ജന്തർ മന്തറിൽ നിന്ന് സംഗനേരി ഗേറ്റിലേക്ക് സംയുക്ത റോഡ് ഷോ നടത്തും. ഹവാ മഹലിൽ ഒരു ഫോട്ടോ ഒപ്ഷൻ പ്ലാൻ ചെയ്തിട്ടുണ്ട്. തുടർന്ന് ഇരു നേതാക്കളും ചരിത്രപ്രസിദ്ധമായ ആൽബർട്ട് ഹാൾ മ്യൂസിയം സന്ദർശിക്കും. രാംബാഗ് കൊട്ടാരത്തിൽ പ്രധാനമന്ത്രി മോദി മാക്രോണിന് സ്വകാര്യ അത്താഴം നൽകും. അതിനുശേഷം ഫ്രഞ്ച് പ്രസിഡന്റ് റിപ്പബ്ലിക് ദിന പരേഡിനായി ഡൽഹിയിലേക്ക് പോകും.
റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സേന വിഭാഗങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളുടെ പട്ടികയും ഇന്ന് പുറത്തിറക്കും. പത്മ അവാര്‍ഡുകളും വിശിഷ്ടസേവനങ്ങള്‍ക്കുള്ള സേന, പോലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഫ്രഞ്ച് സൈന്യത്തിൽ നിന്നുള്ള ഒരു സംഘം പങ്കെടുക്കുന്നുണ്ട്.
Discussion about this post