ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1.25 ലക്ഷം കോടി രൂപയുടെ 200-ലധികം പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കൂടാതെ അഞ്ച് വർഷത്തിനുള്ളിൽ ‘പർവ്വത്മല പരിയോജന’ പദ്ധതികളുടെ എണ്ണം 400 ആയി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ‘റോപ്പ്വേ: സിമ്പോസിയം-കം-എക്സിബിഷനെ’ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോപ്പ്വേകൾ സാമ്പത്തികമായി ലാഭകരമാക്കുക എന്ന സർക്കാരിന്റെ ലക്ഷ്യത്തെക്കുറിച്ചും സുസ്ഥിര ഗതാഗതത്തിനും കണക്റ്റിവിറ്റിക്കുമുള്ള കേന്ദ്രത്തിന്റെ നടപടികളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. ദേശീയ റോപ്വേ വികസന പദ്ധതിയായ ‘പർവ്വത്മല പരിയോജന’ പ്രകാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിനായി നിരവധി പദ്ധതികൾ നീക്കിവച്ചിട്ടുണ്ട്. 1,200 കിലോമീറ്ററിലധികം നീളമുള്ള 250 ലധികം റോപ്പ്വേ വികസിപ്പിക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. റോപ്പ് വേ ഘടകങ്ങളുടെ നിർമ്മാണം ‘മെയ്ക്ക് ഇൻ ഇന്ത്യ ‘ പദ്ധതിക്ക് കീഴിൽ സർക്കാർ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. ഇന്ന് അഞ്ചാം സ്ഥാനത്താണ് ഇന്ത്യ എങ്കിലും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ മൂന്നാം സ്ഥാനത്തെത്തിക്കുകയാണ് ലക്ഷ്യം. അതിന് രാജ്യത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിനാലാണ് ഞങ്ങൾ രാജ്യത്ത് ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതെന്ന് ഗഡ്കരി പറഞ്ഞു.
റോപ്വേ വലിയ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നുവെന്നും മലയോര മേഖലകളിൽ വിനോദസഞ്ചാരം സുഗമമാക്കുന്നതിനൊപ്പം നഗര പൊതുഗതാഗതത്തിനും റോപ്വേ പ്രയോജനപ്രദമാവുമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ തദ്ദേശീയവും ചെലവ് കുറഞ്ഞതുമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസമിലെ കാമാഖ്യ ക്ഷേത്രത്തിനും ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിനും ടെൻഡർ നൽകിയതായി ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. മഹാകാലേശ്വര് ക്ഷേത്രത്തിലേക്കുള്ള റോപ്പ് വേ കണക്റ്റിവിറ്റിക്ക് ഉടൻ ടെൻഡർ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
Discussion about this post