തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് കെഎസ്ഇബി. ശമ്പളം, പെൻഷൻ വിതരണത്തിന് വായ്പ എടുക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ഇബിയിൽ കർശന നിയന്ത്രണങ്ങളാണ് എർപ്പെടുത്തിയിരിക്കുന്നത്. അതിന്റെ ഭാഗമായി തുടങ്ങാത്ത പദ്ധതികൾ മാറ്റി വെക്കാനും ചിലത് ചുരുക്കാനും കെഎസ്ഇബി സിഎംഡി നിർദേശം നൽകി. നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളിൽ മാർച്ച് 31 ന് മുമ്പായി കമ്മീഷൻ ചെയ്യുന്നവക്ക് മാത്രം പണം അനുവദിക്കും. 2024-2025 തുടങ്ങേണ്ട പദ്ധതികൾ വെട്ടി ചുരുക്കും.
ചെലവ് ചുരുക്കൽ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നിലവിൽ തുടങ്ങാത്ത ഒരു പദ്ധതിയും ഇനി തുടങ്ങേണ്ടതില്ല എന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദാക്കിയത് വഴി പുറത്തുനിന്ന് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി വന്നു എന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്. മൺസൂൺ കുറഞ്ഞതും പ്രതിസന്ധിയായിലാക്കി. സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ കെഎസ്ഇബിക്ക് വലിയ കുടിശിക വരുത്തിയിട്ടുണ്ട്, ഇതും തിരിച്ചടിയായിയെന്ന് സിഎംഡി വ്യക്തമാക്കി.

