തൃശൂര്‍: രാമനെ അധിക്ഷേപിച്ച് ഫേസ് ബുക്കിൽ വിവാദപരാമര്‍ശം നടത്തിയ സിപിഐ എംഎല്‍എ പി ബാലചന്ദ്രനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. തൃശൂര്‍ ബിജെപി ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ലക്ഷ്മണൻ ഇറച്ചിയും പൊറോട്ടയും കൊണ്ടു വന്നു, ചേട്ടത്തി സീത അത് വിളമ്പി, ലക്ഷമണൻ ഇറച്ചി നക്കി ഇരുന്നു എന്നിങ്ങനെ രാമായണ കഥയെ പരിഹസിച്ച് കൊണ്ടുള്ള പോസ്റ്റാണ് വിവാദമായത്. വിവാദമായതിന് പിന്നാലെ എംഎല്‍എ ഫെയ്‌സ്ബുക്ക് കുറിപ്പ് പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു.
ഹിന്ദുവിശ്വാസിയായ തന്റെ മതവികാരം വ്രണപ്പെടുത്തിയതായും സമൂഹത്തില്‍ കലാപമുണ്ടാക്കുന്നതിനും മതസ്പര്‍ധ വര്‍ധിപ്പിക്കുന്നതും അതുവഴി സമൂഹത്തിന്റെ ക്രമസമാധാനവും പൊതുസമാധാനും തകര്‍ക്കുന്നതാണ് കുറിപ്പെന്നും പരാതിയില്‍ പറയുന്നു. രാമായണത്തിലെ ഒരു പ്രധാനപ്പെട്ട ഭാഗം വളച്ചൊടിച്ച് മോശമായി ചിത്രീകരിച്ചെന്നും അനീഷ്‌കുമാർ പരാതിയിൽ പറഞ്ഞു. ശ്രീരാമനെയും ലക്ഷ്മണനെയും സീതയെയും അവഹേളിക്കുന്നതും, വികൃതമായും വികലമായും ചിത്രീകരിക്കുന്നതും അറപ്പുളവാക്കുന്നതുമാണ് സാമൂഹിക മാധ്യമത്തില്‍ എംഎല്‍എ പങ്കുവച്ച കുറിപ്പെന്ന് ബിജെപി പരാതിയില്‍ പറയുന്നത്. എംഎല്‍എക്കെതിരെ മതവികാരം വൃണപ്പെടുത്തിയതിനും സമൂഹത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. അതേ സമയം മതത്തെ അവഹേളിച്ചത്തിന് ഇന്ന് വൈകിട്ട് എംഎൽഎ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തും.
Discussion about this post