ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ ഉത്തർ പ്രദേശിന്റെ നിശ്ചല ദൃശ്യത്തെ രാംലല്ല നയിക്കും. ക്ഷേത്ര സമാനമായ അടിത്തറയിൽ സ്ഥാപിച്ചിരുന്ന രാംലല്ലയെയാണ് കർത്തവ്യപഥത്തിൽ പ്രദർശിപ്പിക്കുന്നത്. ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം, നോയിഡയിലെ മൊബൈൽ നിർമ്മാണ ഫാക്ടറി, നിർമ്മാണത്തിലിരിക്കുന്ന എക്സ്പ്രസ് ഹെവേ തുടങ്ങിയ വികസനങ്ങളും ടാബ്ലോയുടെ ഭാഗമാക്കും. ‘വികസിത് ഭാരത്’, ‘ഭാരത് – ലോക്തന്ത്ര കി മാതൃക’ എന്നിവയാണ് പരേഡിന്റെ പ്രമേയം.
രാമക്ഷേത്രത്തെ കേന്ദ്രീകരിച്ചുള്ള അയോദ്ധ്യയായിരുന്നു 2021-ലെ യുപി നിശ്ചല ദൃശ്യത്തിന്റെ വിഷയം. 2023ൽ അയോദ്ധ്യയിലെ ദീപോത്സവമായിരുന്നു നിശ്ചല ദൃശ്യത്തിന്റെ വിഷയം. ഇത് മൂന്നാം തവണയാണ് രാമക്ഷേത്രം ഉത്തർപ്രദേശിന്റെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകുന്നത്. ഇന്ദിരാഗാന്ധി നാഷണൽ നാഷണൽ സെന്റർ ഫോർ ദ ആർട്‌സും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും ശുപാർശ ചെയ്ത പ്രശസ്ത കലാകാരന്മാർ അടങ്ങുന്ന വിദഗ്ധ സമിതിയാണ് ടാബ്ലോകൾ തെരഞ്ഞെടുക്കുന്നത്.

