ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക് പ്രശ്‌നം ഇല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. ധനകാര്യ കൈകാര്യം ചെയ്യുന്നതിലെ പരാജയം മറയ്ക്കാനാണ് കേരളം ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചതെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ കേന്ദ്രത്തിന്റെ എതിര്‍പ്പ് അവഗണിച്ച് കേരളം നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഫെബ്രുവരി 16 ലേക്ക് മാറ്റി.
ദേശീയ സാമ്പത്തിക ധനകാര്യ മാനേജ്മെന്റ് നയവുമായി ബന്ധപ്പെട്ട വിഷയമാണ് കേരളം സ്യൂട്ട് ഹര്‍ജിയില്‍ ഉന്നയിക്കുന്നത് എന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. ദേശീയ സാമ്പത്തിക നയം അനുസരിച്ചാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ ഒറിജിനല്‍ സ്യൂട്ട് നിലനില്‍ക്കില്ലെന്നും ധനകാര്യ മാനേജമെന്റില്‍ വലിയ വീഴ്ചയാണ് സംസ്ഥാന സര്‍ക്കാരിന് ഉണ്ടായതെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. ഇത് മറയ്ക്കാനുള്ള ശ്രമം ആണ് കേരളം ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, അടിയന്തിരമായി കടമെടുക്കാന്‍ അനുവദിക്കുന്നതിന് ഇടക്കാല ഉത്തരവ് ഇറക്കണമെന്ന ആവശ്യം കേരളം ഇന്നും സുപ്രീം കോടതിയില്‍ ഉന്നയിച്ചു. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31-ന് അകം പ്രോവിഡന്റ് ഫണ്ടിലേക്ക് ഉള്‍പ്പടെ പണം അടയ്ക്കേണ്ടതുണ്ട്. ഇതിന് പുറമെ പെന്‍ഷന്‍ ഉള്‍പ്പടെ നല്‍കേണ്ടതുണ്ട്. അതിനാല്‍ അടിയന്തിരമായി ഇടക്കാല ഉത്തരവിനായി നല്‍കിയ അപേക്ഷ പരിഗണിക്കണമെന്നും വായ്പാ പരിധി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നും കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

