ഡൽഹി: ഭാരതത്തിന്റെ 75–ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് പ്രൗഢോജ്വല തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അർപ്പിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, സംയുക്ത സൈനിക മേധാവി, കര-നാവിക-വ്യോമസേന മേധാവിമാർ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിച്ചു.
കർത്തവ്യ പഥിൽ റിപ്പബ്ലിക് ദിന പരേഡ് ഉടൻ ആരംഭിക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൻ ആണ് വിശിഷ്ടാതിഥി. റിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണ അണിനിരക്കുന്നവരിൽ 80 ശതമാനവും വനിതകളാണ്. പരേഡിൽ അണിനിരക്കുന്ന 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിനു പുറമെ ഫ്രാൻസിന്റെ 2 റഫാൽ യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനവും ഫ്ലൈപാസ്റ്റ് നടത്തും. ടി 90 ടാങ്ക്, നാഗ് മിസൈൽ, പിനാക റോക്കറ്റ് ലോഞ്ചർ, കരയിൽ നിന്ന് ആകാശത്തേക്കു തൊടുക്കുന്ന മധ്യദൂര മിസൈൽ എന്നിവ രാജ്യത്തിന്റെ പ്രതിരോധക്കരുത്തിന്റെ അടയാളമായി പരേഡിൽ അണിനിരക്കും.
പുരുഷൻമാരും വനിതകളും ഉൾപ്പെട്ടതായിരിക്കും ബിഎസ്എഫ് സംഘം. ഡൽഹി പൊലീസ് സംഘത്തെ മലയാളിയും നോർത്ത് ഡൽഹി ഡപ്യൂട്ടി കമ്മിഷണറുമായ ശ്വേത കെ.സുഗതൻ നയിക്കും. സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയിൽ നിന്നുള്ള വനിതാ സേനാംഗങ്ങൾ ബൈക്ക് അഭ്യാസപ്രകടനം നടത്തും.
16 സംസ്ഥാനങ്ങളുടെയടക്കം 26 ഫ്ലോട്ടുകളാണുള്ളത്. ശ്രീരാമനുമായി ബന്ധപ്പെട്ട ഫ്ലോട്ട് ആണ് യുപി അവതരിപ്പിക്കുന്നത്. ഏറ്റവുമൊടുവിൽ നടക്കുന്ന വ്യോമസേനയുടെ ഫ്ലൈപാസ്റ്റിൽ 51 വിമാനങ്ങൾ പങ്കെടുക്കും. വിമാന പൈലറ്റുമാരിൽ 15 പേർ വനിതകളാണ്.
Discussion about this post