ന്യൂഡൽഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും രാജ്ഭവന്റേയും സുരക്ഷ ഏറ്റെടുത്ത് കേന്ദ്രസേന. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം. ഗവര്‍ണര്‍ക്ക് ഇനി സിആര്‍പിഎഫ് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കുമെന്ന് രാജ്ഭവന്‍ അറിയിച്ചു. എസ്എഫ്ഐ പ്രതിഷേധത്തിനിടെ നിലമേലില്‍ ഗവര്‍ണര്‍ റോഡിലിറങ്ങി പ്രതികരിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ഗവര്‍ണര്‍ പരാതി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ച് കൊണ്ടുള്ള കേന്ദ്ര തീരുമാനം.
ഏറ്റവും ഉയര്‍ന്ന ഇസെഡ് പ്ലസ് സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. എസ്എഫ്ഐ പ്രതിഷേധത്തിനിടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ ഫോണിൽ വിളിച്ച് ഗവർണർ പരാതി അറിയിക്കുകയായിരുന്നു. സുരക്ഷാ വീഴ്ചയിൽ പോലീസിനെതിരെ വലിയ വിമർശനമാണ് ഗവർണർ ഉയർത്തിയത്. കഴിഞ്ഞ ഏതാനും നാളുകളായി എസ്എഫ്‌ഐക്കാർ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഗവർണർ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നു. പിന്നാലെ ഗവർണറുടെ പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കൊല്ലം നിലമേലിൽ വച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തകർ ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചത്. പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്റ്റഡിയിൽ എടുത്തില്ലായെന്ന് പോലീസിനോട് ചോദിച്ചുകൊണ്ടായിരുന്നു ഗവർണർ റോഡരികിലിരുന്ന് പ്രതിഷേധിച്ചത്. എഫ്ഐആർ കണ്ട് ബോധ്യപ്പെട്ടതിന് ശേഷമാണ് ഗവർണർ രണ്ട് മണിക്കൂറോളം നീണ്ടുനിന്ന പ്രതിഷേധം അവസാനിപ്പിച്ചത്. 17 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് തനിക്കെതിരെയുള്ള പ്രതിഷേധത്തിന് എസ്എഫ്ഐ പ്രവർത്തകരെ അയക്കുന്നതെന്നും ഇവർ മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Discussion about this post