ന്യൂയോര്‍ക്ക്: അന്തരീക്ഷത്തില്‍ ജലസാന്നിധ്യമുള്ള ഗ്രഹം കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍. നാസയുടെ ഹബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തല്‍. എക്സോപ്ലാനറ്റായ ജിജെ 9827 ഡിയുടെ അന്തരീക്ഷത്തിൽ ജലബാഷ്പമുണ്ടെന്ന് നിരീക്ഷിച്ചത്. ഇത് നമ്മുടെ താരാപഥത്തില്‍ ജലസമൃദ്ധമായ അന്തരീക്ഷമുള്ള ഗ്രഹങ്ങളുണ്ടാകാമെന്ന സാധ്യതയെ ബലപ്പെടുത്തുന്നതാണെന്ന് നാസ വ്യക്തമാക്കി. ഭൂമിയുടെ ഇരട്ടി വ്യാസമുള്ള ഈ ഗ്രഹം അന്തരീക്ഷത്തില്‍ ജലബാഷ്പം ഉള്ളതായി കണ്ടെത്തിയ ഏറ്റവും ചെറിയ അന്യഗ്രഹമാണെന്ന് പഠനം പറയുന്നു. ഈ ഗ്രഹം ഭൂമിയില്‍ നിന്ന് 97 പ്രകാശവര്‍ഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.
ബാൾട്ടിമോറിലെ സ്‌പേസ് ടെലിസ്‌കോപ്പ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള റേ വില്ലാർഡ്, യൂണിവേഴ്‌സിറ്റി ഡി മോൺട്രിയലിലെ എക്‌സോപ്ലാനറ്റുകളെക്കുറിച്ചുള്ള ട്രോട്ടിയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ചിൽ നിന്നുള്ള പിയറി-അലക്‌സിസ് റോയ്, ബിയോൺ ബെന്നെക്കെ എന്നിവരാണ് കണ്ടെത്തലിന് പിന്നിൽ. അതേസമയം, അന്തരീക്ഷത്തില്‍ ജലബാഷ്പമുണ്ടെങ്കിലും ഗ്രഹോപരിതലത്തില്‍ ജലസാന്നിധ്യമുണ്ടോയെന്ന് ഇനിയും വ്യക്തമല്ല. ഹൈഡ്രജൻ സമ്പന്നമായ അന്തരീക്ഷത്തിൽ ഹബിൾ ചെറിയ അളവിലുള്ള ജലബാഷ്പം കണ്ടെത്തിയിരിക്കാം. അതുമല്ലെങ്കില്‍ ഗ്രഹത്തിന് പ്രാഥമികമായി ജലത്തെ അടിസ്ഥാനമാക്കിയുള്ള അന്തരീക്ഷം ഉണ്ടായിരിക്കാമെന്നും ശാസ്ത്രലോകം കരുതുന്നു.
ജലം ജീവന് അത്യാവശ്യമാണെങ്കിലും ഈ ഗ്രഹത്തില്‍ ജീവന്‍ നിലനില്‍ക്കാനുള്ള സാഹചര്യം ഒട്ടും തന്നെയില്ല എന്നാണ് കണ്ടെത്തൽ. 427 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഈ ഗ്രഹത്തിലുള്ളത്. ജലസമൃദ്ധമായ അന്തരീക്ഷത്തെ ചുട്ടുപൊള്ളുന്ന നീരാവിയാക്കി മാറ്റാൻ ഈ ചൂടിന് സാധിക്കും. എങ്കിലും ഗ്രഹത്തിന്റെ അന്തരീക്ഷത്തിന്റെ യഥാര്‍ത്ഥ സ്വഭാവം ഇതുവരെ മനസ്സിലാക്കാനായിട്ടില്ല. എന്നാല്‍ സൗരയൂഥത്തിനപ്പുറമുള്ള ഗ്രഹങ്ങളുടെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ ഈ കണ്ടെത്തല്‍ പ്രാധാന്യമര്‍ഹിക്കുന്നു.
Discussion about this post