ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ പൊലീസ് യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന 450 വാഹനങ്ങള്‍ കത്തിനശിച്ചു. വസീറാബാദ് പൊലിസ് ട്രയിനിങ് യാര്‍ഡിലാണ് സംഭവം. പുലർച്ചെ 4 മണിയോടെയാണ് തീപിടിത്തമുണ്ടായത്. അഞ്ച് ഫയർ ടെൻഡറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഡിഎഫ്എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് മണിക്കൂർ നീണ്ട ഓപ്പറേഷന്റെ ഫലമായി കാലത്ത് ആറ് മണിയോടെ തീ നിയന്ത്രണവിധേയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവരമറിഞ്ഞ് അഗ്നിശമനസേനയുടെ എട്ട് വാഹനങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. തീപിടിത്തത്തില്‍ 200 കാറുകളും 250 ഓളം ഇരുചക്രവാഹനങ്ങളും കത്തിനശിച്ചു. പൊലീസ് പിടിച്ചെടുത്ത മുഴുവന്‍ വാഹനങ്ങളും അപകടത്തില്‍ കത്തിനശിച്ചതായാണ് റിപ്പോർട്ട്. പുലർച്ചേ ആയത് കൊണ്ട് ആളപായമില്ല. തീപിടിത്തത്തിന്റെ കാരണം ഇത് വരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post