ഡല്‍ഹി: ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച. വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ ചാടി ഒരാള്‍ റണ്‍വേയില്‍ കടന്നു. ശനിയാഴ്ച രാത്രി 11:30 യോടെയാണ് സംഭവം. എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റാണ് മദ്യപിച്ച നിലയില്‍ ആളെ റണ്‍വേയില്‍ കണ്ടത്. ഇതോടെ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ പൈലറ്റ് വിവരമറിയിക്കുകയായിരുന്നു. ഹരിയാന സ്വദേശിയായ ഇയാളെ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി പിടികൂടി. ശേഷം ഡല്‍ഹി പൊലീസിന് കൈമാറി. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ദേശീയ തലസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നതിനിടെയാണ് സംഭവം.
‘ഹൈപ്പര്‍സെന്‍സിറ്റീവ്’ വിഭാഗത്തിലുള്ള രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനാണ്. റണ്‍വേയില്‍ അതിക്രമിച്ച് കയറിയ സംഭവം പുറത്തുവന്നതോടെ കൃത്യനിര്‍വഹണത്തിലെ വീഴ്ചയുടെ പേരില്‍ ഒരു ഹെഡ് കോണ്‍സ്റ്റബിളിനെ സിഐഎസ്എഫ് സസ്‌പെന്‍ഡ് ചെയ്തു. സുരക്ഷാ വീഴ്ചയിൽ അര്‍ദ്ധസൈനിക സേന അന്വേഷണം ആരംഭിച്ചു. അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും കണക്കിലെടുത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെയിലെ അട്ടിമറി നീക്കങ്ങള്‍ തടയാനാണ് സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നത്.
Discussion about this post