രാജസ്ഥാൻ: കോട്ടയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. 18 കാരിയായ ജെഇഇ വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. ജെഇഇ ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് കുറിപ്പ് എഴുതി വച്ചാണ് വിദ്യാർത്ഥി ആത്മഹത്യാ ചെയ്തത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഈ വർഷം കോട്ടയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്.
“ജെഇഇ എനിക്ക് ചെയ്യാൻ കഴിയില്ല. അതിനാൽ ഞാൻ ആത്മഹത്യ ചെയ്യുന്നു. ഞാൻ ഒരു തോൽവിയാണ്. ഞാനാണ് കാരണം. ഞാനാണ് ഏറ്റവും മോശം മകൾ. ക്ഷമിക്കണം, അമ്മയും അച്ഛനും. ഇതാണ് അവസാന ഓപ്ഷൻ,” കുറിപ്പിൽ എഴുതിയത്. ജനുവരി 23ന് കോട്ടയിൽ സ്വകാര്യ കോച്ചിംഗ് വഴി നീറ്റിന് തയ്യാറെടുക്കുകയായിരുന്ന ഉത്തർപ്രദേശിൽ നിന്നുള്ള വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. മൊറാദാബാദിൽ നിന്നുള്ള മുഹമ്മദ് സായിദ് എന്ന വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്.
രാജസ്ഥാനിലെ കോച്ചിംഗ് കേന്ദ്രമായ കോട്ടയില്‍ കഴിഞ്ഞ വര്‍ഷം ഇരുപത്തിയഞ്ച് വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. ജെഇഇ,നീറ്റ് തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ പ്രതിവര്‍ഷം രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് കോട്ടയിലേക്ക് എത്തുന്നത്. പരീക്ഷാസമ്മര്‍ദ്ദം മൂലമാണ് ആത്മഹത്യയെന്നാണ് വിലയിരുത്തൽ.
രാജസ്ഥാന്‍ പോലീസിന്റെ കണക്കുകള്‍ പ്രകാരം കോട്ടയില്‍,2023ൽ 25, 2022 ല്‍ 15 , 2019-ല്‍ 18, 2018-ല്‍ 20, 2017-ല്‍ 7, 2016-ല്‍ 17, 2015-ല്‍ 18 പേര്‍ എന്നിങ്ങനെ ആത്മഹത്യ ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. 2020-ലും 2021-ലും കോവിഡ്-19 കാരണം കോച്ചിംഗ് സെന്ററുകള്‍ അടച്ചിരുന്നതിനാല്‍ ആത്മഹത്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്തെ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഒഴിവാക്കാന്‍ രാജസ്ഥാന്‍ ഹൈക്കോടതിയും നിര്‍ദ്ദേശം നൽക്കിയിരുന്നു. കോട്ടയിലെ ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍, എല്ലാ ഹോസ്റ്റല്‍ മുറികളിലും പേയിംഗ് ഗസ്റ്റ് സ്ഥലങ്ങളിലും സ്പ്രിംഗ് ലോഡഡ് ഫാനുകള്‍ നിര്‍ബന്ധമാക്കി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരുന്നു.
Discussion about this post