കാസർഗോഡ്: പീഡനത്തിനു ഇരയായ പെണ്‍കുട്ടി എലിവിഷം കഴിച്ച് മരിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍.നേരത്തെ പോക്സോ കേസില്‍ അറസ്റ്റിലായ മൊഗ്രാല്‍ പുത്തൂര്‍, കോട്ടക്കുന്നിലെ അന്‍വറി(24)ന്റെ സുഹൃത്തായ സാഹിലി (21)നെയാണ് ബദിയഡുക്ക പൊലീസ് ഇന്‍സ്പെക്ടറുടെ ചുമതലയുള്ള വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ പി.പ്രമോദ് അറസ്റ്റു ചെയ്തത്.
കേസില്‍ ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റൊരാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബദിയഡുക്ക പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസക്കാരിയായ പതിനാറുകാരിയാണ് ഇന്നലെ പുലര്‍ച്ചെ മരണപ്പെട്ടത്.
സാമൂഹ്യ മാധ്യമത്തിലൂടെയാണ് അന്‍വര്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇക്കാര്യം അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബന്ധം ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് അന്‍വറിന്റെ ഫോണ്‍നമ്പര്‍ പെണ്‍കുട്ടി ബ്ലോക്ക് ചെയ്തു. ഇതില്‍ ക്ഷുഭിതനായ അന്‍വര്‍ പെണ്‍കുട്ടിയെ പിന്തുടര്ന്ന് ശല്യപ്പെടുത്തുകയും പിതാവിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതില്‍ മനം നൊന്താണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം പെണ്‍കുട്ടി വീട്ടില്‍ വച്ച് എലിവിഷം കഴിച്ചത്.
ഗുരുതര നിലയില്‍ മംഗ്ളൂരുവിലെ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി മജിസ്ട്രേറ്റിനു രഹസ്യമൊഴി നല്‍കിയിരുന്നു. മംഗ്ളൂരു ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയും കാറില്‍ വച്ചും അന്‍വര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായും ഈ സമയത്ത് കാര്‍ ഓടിച്ചിരുന്നത് സുഹൃത്തായ സാഹില്‍ ആണെന്നും പൊലീസ് പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തില്‍ അന്‍വറിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
Discussion about this post