ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും 10 വർഷം തടവിന് വിധിച്ചു. സൈഫർ കേസിൽ സംസ്ഥാന രഹസ്യങ്ങൾ ചോർത്തിയത്തിനാണ് നടപടി. ഔദ്യോഗിക രഹസ്യ നിയമപ്രകാരം സ്ഥാപിതമായ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.
2022 ല്‍ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് യു.എസ് എംബസി അയച്ച രഹസ്യ നയതന്ത്ര കേബിള്‍ വെളിപ്പെടുത്തിയെന്നതാണ് കേസ്. 2023 ഡിസംബറില്‍ അദിയാല ജില്ലാ ജയിലില്‍ കേസിന്റെ പുനര്‍വിചാരണ ആരംഭിച്ചിരുന്നു. ഡിസംബര്‍ 13 ന് ഇമ്രാന് ഖാനും ഖുറൈഷിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നിലവില്‍ അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ് ഇരുവരും.
ഇവര്‍ക്കു വേണ്ടി ഹാജരാകേണ്ട മുന്‍അഭിഭാഷകര്‍ കോടതിയില്‍ കൃത്യമായി എത്തിച്ചേരാത്തതിനാല്‍ പുതിയ അഭിഭാഷകരെ കേസില്‍ നിയമിച്ചിരുന്നു. പ്രോസിക്യൂഷനോടൊപ്പം പ്രതിഭാഗവും സര്‍ക്കാരിന്റെ പക്ഷത്താണെന്ന് ആരോപിച്ച ഇമ്രാന് ഖാന് വിചാരണയെ ‘തമാശ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
ശിക്ഷ നിരസിച്ച് ഖാൻ്റെ അഭിഭാഷകൻ നയീം പഞ്ജുത സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. നിയമവിരുദ്ധമായ ഈ തീരുമാനം ഞങ്ങൾ അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം എക്സ് കുറിച്ചു. വിധി പ്രസ്താവനയെ തുടര്‍ന്ന് ഇമ്രാന് ഖാന് നേതൃത്വം നല്കുന്ന പാകിസ്താന് തെഹരീക്-എ- ഇന്‍സാഫ് ഇരുനേതാക്കള്‍ക്കും പിന്തുണയുമായി എക്സ് പ്ലാറ്റ്ഫോമിലൂടെ രംഗത്തെത്തി. പാകിസ്താന് ഇമ്രാന് ഖാനും ഷാ മെഹ്മൂദ് ഖുറൈഷിയക്കും ഒപ്പമാണെന്നും ഈ വിധി അപ്പീല്‍ കോടതി തള്ളുമെന്നും പിടിഐ പ്രതികരിച്ചു.
ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പിടിഐയുടെ പ്രമുഖനേതാക്കള്‍ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അനുമതി തേടി ഇമ്രാന് ഖാന് പത്രിക സമര്‍പ്പിച്ചിരുന്നുവെങ്കിലും കോടതിയത് തള്ളിയിരുന്നു. 2022 ഏപ്രിലാണ് അവിശ്വാസപ്രമേയത്തിലൂടെ ഇമ്രാനെ പുറത്താക്കിയത്.
Discussion about this post