പനാജി: മനോഹർ രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ബോംബ് തട്ടിപ്പ് നടത്തിയ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ. സുരക്ഷാ പരിശോധനയ്ക്കിടെ ബോംബ് കൈവശം വച്ചിരിക്കുകയാണെന്ന് പറഞ്ഞ് പരിഭ്രാന്തി പരത്തിയതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് ഗോവ പോലീസ് അറിയിച്ചു.
അഹമ്മദാബാദ് സ്വദേശിയായ വിമൽ പ്രജാപതി എന്നയാളാണ് യാത്രക്കാർനഗരം കസ്റ്റഡിയിലെടുത്തത്. വിശദമായ സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഭീഷണി തട്ടിപ്പാണെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാവിലെ 6.19ന് ഗോവയിൽ നിന്ന് പോകുന്ന സ്‌പൈസ് ജെറ്റ് വിമാനമായ എസ്‌ജി 512-ൻ്റെ ചെക്ക്-ഇൻ വേളയിലാണ് പ്രജാപതി ചെക്ക്-ഇൻ കൗണ്ടറിലെ ജീവനക്കാരോട് ബോംബ് കൈവശം വച്ചിരിക്കുകയാണെന്ന് പറഞ്ഞത്. തുടർന്ന് സെക്യൂരിറ്റി മാനേജർ പോലീസിനെ അറിയിക്കുകയായിരുന്നു. കൗണ്ടറിലെ ജീവനക്കാർ ബാഗേജിൽ നിരോധിത വസ്തുക്കളുണ്ടോ എന്ന് യാത്രക്കാരനോട് ചോദിച്ചപ്പോൾ ബോംബാണ് കൈവശം വച്ചിരിക്കുന്നതെന്ന് ആവർത്തിച്ചതായി പോലീസ് പറഞ്ഞു.
നാലു പേരടങ്ങുന്ന സംഘത്തിലാണ് യാത്രക്കാരൻ യാത്ര ചെയ്തത്. പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. സംഭവത്തെത്തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരും ബോംബ് ഡിറ്റക്ഷൻ ഡിസ്പോസൽ സ്ക്വാഡും പ്രദേശം വളയുകയും അട്ടിമറി വിരുദ്ധ പരിശോധന നടത്തുകയും ചെയ്തു. യാത്രക്കാരുടെ എല്ലാ ബാഗേജുകളും അതിന്റെ ഭാഗമായി പരിശോധിച്ചു. സംശയാസ്പദമായ ഒരു വസ്തുവും കണ്ടെത്തിയില്ല. മോപ്പ എയർപോർട്ട് പോലീസ് സ്‌റ്റേഷൻ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 505 (1) (A) (B) , 336 എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
Discussion about this post