നാഗ്പൂർ: വനിത കായിക താരങ്ങൾ കടുത്ത വിവേചനം അനുഭവിക്കുന്നുണ്ടെന്ന് ഇന്ത്യയുടെ വനിത ചെസ് താരം ദിവ്യ ദേശ്മുഖ്. അടുത്തിടെ നെതർലൻഡ്സിൽ സമാപിച്ച ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെൻ്റിൽ കാണികളിൽ നിന്ന് ലിംഗവിവേചനം നേരിട്ടതായി ദിവ്യ പറഞ്ഞു. തൻ്റെ മുടി, വസ്ത്രം, ഉച്ചാരണം തുടങ്ങിയ അപ്രസക്തമായ കാര്യങ്ങലാണ് അവർ ശ്രദ്ധിക്കുന്നത്. ടൂർണമെന്റിൽ താൻ പുലർത്തിയ മികവിനെ ആരും കാര്യമാക്കിയില്ലെന്നും താരം ആരോപിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ദിവ്യ ദേശ്മുഖിന്റെ പ്രതികരണം. കഴിഞ്ഞ വർഷം ഏഷ്യൻ വനിതാ ചെസ് ചാമ്പ്യൻഷിപ്പ് നേടിയ 18 കാരിയാണ് താരം.
‘ഇക്കഴിഞ്ഞ ടൂർണമെന്റിലും ദുരനുഭവമുണ്ടായി. കുറച്ചുകാലമായി ഞാൻ ഇക്കാര്യം അറിയിക്കാൻ ആഗ്രഹിക്കുന്നു, ടൂർണമെന്റ് അവസാനിക്കാൻ കാത്തിരിക്കുകയായിരുന്നു. ചെസിലെ സ്ത്രീകളെ പലപ്പോഴും കാണികൾ നിസ്സാരക്കാരായി കാണുന്നത് ശ്രദ്ധിക്കാറുണ്ട്. വ്യക്തിപരമായി പറയുകയാണെങ്കിൽ, ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം ഈ ടൂർണമെന്റിലായിരുന്നു. ഞാൻ കുറച്ച് മത്സരങ്ങൾ കളിച്ചു, അത് എനിക്ക് മികച്ചതായി തോന്നി, ഞാനതിൽ അഭിമാനിക്കുന്നു. എന്നാൽ, ആളുകൾ മത്സരത്തിൽ ശ്രദ്ധിക്കുന്നതിന് പകരം എന്റെ വസ്ത്രങ്ങൾ, മുടി, ഉച്ചാരണം പോലെ മറ്റ് അപ്രസക്തമായ കാര്യങ്ങളിൽ ശ്രദ്ധിക്കുകയാണ്’ -ദിവ്യ ദേശ്മുഖ് കുറിച്ചു.
പുരുഷ താരങ്ങൾക്ക് അവരുടെ കഴിവിന്റെ അടിസ്ഥാനത്തിൽ ശ്രദ്ധ ലഭിക്കുമ്പോൾ, ചെസ് ബോർഡിലെ കഴിവുമായി യാതൊരു ബന്ധവുമില്ലാത്ത വശങ്ങളിലാണ് വനിത താരങ്ങൾ വിലയിരുത്തപ്പെടുന്നതെന്നും. എന്റെ അഭിമുഖങ്ങളിൽ മത്സരം ഒഴികെയുള്ള എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുമ്പോൾ ഏറെ നിരാശയുണ്ടാവാറുണ്ടെന്നും ദിവ്യ പറഞ്ഞു. 13-ാം റൗണ്ടിൽ 4.5 എന്ന സ്‌കോറോടെ ലിയോൺ ലൂക്ക് മെൻഡോങ്കയോട് പരാജയപ്പെട്ട് ചലഞ്ചേഴ്സ് വിഭാഗത്തിൽ 12-ാം സ്ഥാനത്താണ് ദേശ്മുഖ് ഫിനിഷ് ചെയ്തത്.
Discussion about this post