ന്യൂഡല്‍ഹി: അഴിമതികളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ പുതിയ നീക്കവുമായി ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. കേസുമായ് ബന്ധപ്പെട്ട് ഹേമന്ത് ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകും. അറസ്റ്റ് നടന്നാല്‍ ഭാര്യ കല്‍പനയെ മുഖ്യമന്ത്രിയാക്കാനാണ് ഹേമന്ത് സോറന്‍റെ തീരുമാനം. ഇതിന് മുന്നോടിയായി കല്‍പനയെ പിന്തുണക്കുന്ന കത്ത് പാർട്ടി എം.എല്‍.എമാരില്‍ നിന്ന് ഹേമന്ത് സോറൻ വാങ്ങി.
കഴിഞ്ഞ ദിവസം സോറനെ 41 മണിക്കൂറോളം കാണാതായിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 11,000 രൂപ പാരിതോഷികം നല്‍കുമെന്ന് ജാര്‍ഖണ്ഡ് ബിജെപി അധ്യക്ഷന്‍ ഹുലിയ സോറന്‍ പ്രഖ്യാപിച്ചു. ഉച്ചയോടെ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി എവിടെയാണെന്ന് കണ്ടെത്താന്‍ ഗവര്‍ണര്‍ ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചു. ഇതിനിടെ ഉച്ചയ്ക്ക് 1.30 ന് കാറില്‍ മുഖ്യമന്ത്രിയുടെ റാഞ്ചിയിലെ വസതിയിലേക്ക് അദ്ദേഹം മടങ്ങുന്നത് കണ്ടു. തിങ്കളാഴ്ച ഡല്‍ഹിയിലെ വീട്ടില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിക്കായി ഇഡി തിരച്ചില്‍ തുടരുന്നതിനിടെയാണ് ഈ സംഭവം.
ഇന്നലെ നടന്ന ഝാർഖണ്ഡ് മുക്തിമോർച്ച എം.എല്‍.എമാരുടെ യോഗത്തില്‍ കല്‍പന സോറൻ പങ്കെടുത്തിരുന്നു. എം.എല്‍.എമാരോട് തലസ്ഥാനം വിടരുതെന്ന് സോറൻ നിർദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, രാജിക്കത്ത് തയാറാക്കിയെന്നും റിപ്പോർട്ടുണ്ട്. എന്നാല്‍, കല്‍പന സോറനെ മുഖ്യമന്ത്രിയാക്കുന്നതില്‍ ഹേമന്ത് സോറന്‍റെ സഹോദരന് എതിർപ്പുണ്ടെന്നാണ് റിപ്പോർട്ട്. ഈ അവസരം മുതലാക്കി ജെ.എം.എം. എം.എല്‍.എമാരെ മറുകണ്ട് ചാടിച്ച് ഭരണം അട്ടിമറിക്കാനുള്ള നീക്കം ബി.ജെ.പി നടത്തുന്നുണ്ട്. കല്‍പന മുഖ്യമന്ത്രിയായാല്‍ ആറു മാസത്തിനിടെ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടതുണ്ട്. ഈ വർഷം നവംബറിലാണ് ഝാർഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.
ഇന്നലെ ഡല്‍ഹിയിലെ സോറന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ 36 ലക്ഷവും ബി.എം.ഡബ്ല്യു കാറും നിർണായക രേഖകളും ഇ.ഡി പിടിച്ചെടുത്തിരുന്നു. അനധികൃതമായി ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റുന്ന മാഫിയയുടെ മറവില്‍ വൻതോതില്‍ കള്ളപ്പണ ഇടപാട് നടന്നതായാണ് ഇ.ഡിയുടെ ആരോപണം. കേസില്‍ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരടക്കം 14 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

