ചോങ്‌കിംഗ്: രാജ്യവ്യാപകമായി കോലാഹലം സൃഷ്ടിച്ച ചോങ്‌കിംഗിലെ കുട്ടികളുടെ കൊലപാതകത്തിൽ വധശിക്ഷ നടപ്പിലാക്കി സുപ്രീം പീപ്പിൾസ് കോർട്ട്. ഷാങ് ബോയെയും കാമുകി യെ ചെങ്‌ചെനെയുമാണ് വധിച്ചത്. 2020 നവംബർ 2 ന് ഷാങ് ബോയും കാമുകി യെ ചെങ്‌ചെനും ചേർന്ന് ഇയാളുടെ രണ്ട് വയസുള്ള മകളെയും ഒരു വയസുള്ള മകനെയും 15-ാം നിലയിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം കേസിൽ ഇവർക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു.
സോങ്‌കിംഗ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് പുറപ്പെടുവിച്ച കുറ്റപത്രം അനുസരിച്ച്, ഷാങ്ങും ചെങ്‌ചെനെയും സോഷ്യൽ മീഡിയയിലൂടെ കണ്ടുമുട്ടുകയും തമ്മിൽ ഇഷ്ട്ടത്തിൽ ആവുകയും ചെയ്തു. എന്നാൽ താൻ വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും പറയാതെയാണ് ഷാങ് ചെങ്‌ചെനെയുമായി ബന്ധം ആരംഭിച്ച്. ശേഷം 2020 ഫെബ്രുവരിയിൽ ഒരുമിച്ച് പുതിയ കുടുംബം തുടങ്ങാൻ ഷാങ്ങ് ഭാര്യ ചെൻ മെയിലിനെ വിവാഹമോചനം ചെയ്തു. വിവാഹമോചിതയായ ഷാങ്ങിനോട് ചെങ്‌ചെനെ അവനോടൊപ്പം താമസിക്കണമെങ്കിൽ കുട്ടികളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു.
ഷാങ്ങും ചെങ്‌ചെനെയും പിന്നെ രണ്ട് കുട്ടികളെ ഇല്ലാതാക്കാനുളള തന്ത്രങ്ങൾ മെനയാൻ തുടങ്ങി. വീ ചാറ്റിലൂടെയും നേരിട്ടും അവർ പലതവണ ഇത് ചർച്ച ചെയ്തു. അവസാനം കുട്ടികളെ മരണത്തിലേക്ക് നയിക്കുന്ന ഒരു കൊലപാതകം ആസൂത്രണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കുട്ടികളെ കൊലപ്പെടുത്താൻ ഷാങ്ങും ചെങ്‌ചെനെയും ഗൂഢാലോചന നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.
2021 ജൂലൈയിലെ കേസിൻ്റെ ആദ്യ വിചാരണയിൽ, കുട്ടികളുടെ അമ്മ ചെൻ മൈലിൻ കോടതിയിൽ നഷ്ടപരിഹാരം ആവശ്യപ്പെടുകയും തൻ്റെ മുൻ ഭർത്താവിനും കാമുകിക്കും കർശനമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മനഃപൂർവമായ നരഹത്യ കുറ്റത്തിന് 2021 ഡിസംബർ 28-ന് ചോങ്‌കിംഗിലെ കോടതി ഷാങ്ങിനെയും ചെങ്‌ചെനെയും വധശിക്ഷയ്ക്ക് വിധിച്ചു. തുടർന്ന് ഷാങ്ങും ചെങ്‌ചെനെയും അപ്പീൽ സമർപ്പിച്ചു.
കഴിഞ്ഞ വർഷം ഏപ്രിൽ 6 ന് നടന്ന രണ്ടാമത്തെ വിചാരണയിൽ, തൻ്റെ കുട്ടികളുടെ മരണം ഒരു അപകടം മൂലമാണെന്ന് അവകാശപ്പെട്ട്, കോടതിയിൽ കുറ്റകൃത്യം ചെയ്തതിൻ്റെ മുൻ കുറ്റസമ്മതം ഷാങ് പിൻവലിച്ചു. എന്നാൽ ചൈനയിലെ പരമോന്നത കോടതിയായ സുപ്രീം പീപ്പിൾസ് കോടതി, ഷാങ്ങിൻ്റെയും ചെങ്‌ചെനെയുടെയും വധശിക്ഷ ശരിവെക്കുകയും അവർ മറ്റുള്ളവരുടെ ജീവൻ മനഃപൂർവമായും നിയമവിരുദ്ധമായും അപഹരിച്ചുവെന്നും വിധിച്ചു. മനഃപൂർവമായ നരഹത്യയാണ് ഇവരുടെ പ്രവൃത്തിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
Discussion about this post