ന്യൂഡല്‍ഹി: രാജ്യത്ത് സമാധാനം വേണമെങ്കില്‍ അക്രമങ്ങള്‍ ഒഴിവാക്കി പരസ്പരം സംസാരിക്കാൻ പഠിക്കണമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. വടക്കുകിഴക്കൻ മേഖലയിലെ സമാധാനത്തിനായി എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സമാധാനപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേത്തു. ഡോ. അംബേദ്കർ ഇൻ്റർനാഷണല്‍ സെൻ്ററില്‍ നടന്ന നോർത്ത് ഈസ്റ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വടക്കുകിഴക്കൻ ജനതയുടെ ഏറെക്കാലത്തെ ആഗ്രഹമാണ് സഫലമായിരിക്കുന്നത്. നോർത്ത് ഈസ്റ്റ് കൾച്ചറൽ ആൻഡ് സോഷ്യൽ ഇൻസ്റ്റിറ്റിയൂട്ടിന് അടിത്തറ പാകി കഴിഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഡൽഹിയിൽ പ്രവർത്തിക്കാനും, വലിയ പരിപാടികൾ സംഘടിപ്പിക്കാനും ഇനി സാധിക്കും. വടക്ക്-കിഴക്കൻ ജനതയെ ഒരുമിച്ച് കൊണ്ടുവരുന്നതിനും മറ്റ് സമുദായങ്ങളിൽ നിന്നുള്ള ജനങ്ങളുമായി ഐക്യവും സംയോജനവും വളർത്തുന്നതിനുള്ള വേദിയായി ഇത് പ്രവർത്തിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
‘പരസ്പരം സമാധാനത്തോടെ ജീവിക്കാൻ സാധിച്ചില്ലെങ്കില്‍ ആർക്കും നമ്മെ സമാധാനിപ്പിക്കാനും കഴിയില്ല. അക്രമ പ്രവർത്തനങ്ങള്‍ക്ക് മുതിരാതെ പരസ്പരം സംസാരിച്ച് പ്രശ്നങ്ങള്‍ അവസാനിപ്പിക്കുക. മണിപ്പൂരില്‍ സമാധാനം പുലരണമെന്നുണ്ടെങ്കില്‍ നമ്മള്‍ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. അക്രമികളോട് ആയുധങ്ങളും തോക്കുകളും ഉപേക്ഷിച്ച് സമാധാനപരമായ പാതയിലേക്ക് കടക്കാൻ അപേക്ഷിക്കാം. പരസ്പരം ഒത്തു ചേർന്ന് ജീവിക്കാനാണ് രാജ്യത്തെ ഓരോ പൗരന്മാരും ശ്രമിക്കേണ്ടത്. പ്രതിസന്ധി ഘട്ടങ്ങളിലും സംഘർഷഘട്ടങ്ങളിലും സാമാധാനത്തോടെ പരസ്പരം സംസാരിക്കുകയാണ് വേണ്ടതെന്നും’ കിരണ്‍ റിജിജു പറഞ്ഞു. വടക്കുകിഴക്കൻ ജനതക്കായി ജെഎൻയുവിൽ പുതിയ ഹോസ്റ്റലിന്റെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിർവ്വഹിച്ചു.
Discussion about this post