കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണക്കെത്തിരായ മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ സംഘം അന്വേഷണം ആരംഭിച്ചു. സി എം ആർ എല്ലിന്റെ ആലുവ കോർപറേറ്റ് ഓഫീസിൽ ഇപ്പോള്‍ പരിശോധന നടത്തുകയാണ്. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. രാവിലെ ഒൻപത് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണ സംഘമാണ് എസ്.എഫ്.ഐ.ഒ.
ആദായനികുതിയും റവന്യു ഏജൻസികളും അന്വേഷിച്ചിരുന്ന വീണയുടെെ എക്സാലോജിക് കമ്പനിക്കെതിരായ പരാതിയാണ് എസ്.എഫ്.ഐ.ഒ ഏറ്റെടുത്തിരിക്കുന്നത്. വീണ വിജയന് മാസപ്പടി വാങ്ങിയത് അടക്കമുള്ള പരാതികളാണ് എസ്എഫ്ഐഒ അന്വേഷിക്കുക. പ്രതികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് ചെയ്യാന്‍ പോലും അധികാരമുള്ള ഏജന്‍സിയാണിത്. നിലവിൽ എക്സാലോജിക്കും കരിമണൽ കമ്പനി സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് എസ്എഫ്ഐഒ പ്രധാനമായും അന്വേഷിക്കുന്നത്. കോർപ്പറേറ്റ് മന്ത്രാലയത്തിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർ അടങ്ങിയ ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. എം അരുൺ പ്രസാദിനെ കൂടാതെ അഡീഷണൽ ഡയറക്ടർ പ്രസാദ് അദല്ലി, കെ പ്രഭു, എ ഗോകുൽനാഥ്, കെ എം എസ് നാരായണൻ, വരുൺ ബി എസ് എന്നിവരാണ് സംഘത്തിലുള്ളത്.
Discussion about this post