ഡല്‍ഹി: ഉത്തർപ്രദേശിലെ ബാഗ്വത് ജില്ലയിലെ ലക്ഷഗൃഹ- ഖബ്രിസ്ഥാൻ തർക്ക കേസിൽ ഹിന്ദു വിഭാഗത്തിന് അനുകൂലമായി കോടതി വിധി. 53 വർഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് വിധി. ഇസ്ലാം വിശ്വാസികൾ ഖബ്രിസ്ഥാൻ എന്നു വിശേഷിപ്പിക്കുന്ന ബർണാവയിലെ പ്രദേശം മഹാഭാരത കാലത്തെ ലക്ഷഗൃഹമാണെന്ന് കോടതി കണ്ടെത്തി. ജില്ലാ സെഷൻസ് കോടതിയാണ് കഴിഞ്ഞ ദിവസം ഹിന്ദു പക്ഷത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
ബാഗ്പത് ജില്ലയിലെ ബർണാവയിൽ സ്ഥിതി ചെയ്യുന്ന ലക്ഷഗൃഹ കുന്നുമായി ബന്ധപ്പെട്ട് കഴിഞ്ഞ 53 വർഷമായി ഹിന്ദു-മുസ്ലിം സമുദായങ്ങൾ തമ്മിൽ തർക്കം തുടർന്നു വരികയാണ്. 1970-ൽ ബർണാവ നിവാസിയും വഖഫ് ബോർഡിലെ ഉദ്യോഗസ്ഥനുമായ മുക്കിം ഖാൻ, ശൈഖ് ബദ്‌റുദ്ദീൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് ലക്ഷഗൃഹ് ഗുരുകുലം സ്ഥിതി ചെയ്യുന്ന ബർണാവയിലെ കുന്നിലാണെന്ന് ചൂണ്ടിക്കാട്ടി മീററ്റിലെ സർദാന കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തിരുന്നു. ലക്ഷഗൃഹ് ഗുരുകുലത്തിൻ്റെ സ്ഥാപകനായ ബ്രഹ്മചാരി കൃഷ്ണദത്ത് മഹാരാജിനെ പ്രതിയാക്കിക്കൊണ്ടാണ് മുക്കിം ഖാൻ കേസ് ഫയൽ ചെയ്തത്.
എന്നാൽ പ്രസ്തുത ഹർജിയെ പ്രതിരോധിച്ച് ഹിന്ദു വിഭാഗവും രംഗത്തെത്തിയോടെ ഇത് മഹാഭാരതത്തിലെ പാണ്ഡവരുമായി ബന്ധപ്പെട്ട അരക്കില്ലമെന്ന ലക്ഷഗൃഹമാണെന്നാണ് ഹിന്ദുക്കൾ വാദിച്ചത്. മഹാഭാരത കാലഘട്ടത്തിലെ ഒരു തുരങ്കം ഇവിടെയുണ്ടെന്നും ഇവിടെ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളിലെ ചുമരുകൾ പുരാണകാലത്ത് നിർമ്മിച്ചവയാണെന്നും ഹിന്ദു വിഭാഗം അവകാശപ്പെട്ടിരുന്നു. ഇവിടെ വച്ചാണ് പാണ്ഡവരെ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമം നടന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പുരാവസ്തു വകുപ്പിൻ്റെ സർവേയിൽ മഹാഭാരത കാലഘട്ടത്തിൻ്റെ നിരവധി തെളിവുകൾ ഇവിടെ നിന്നും കണ്ടെത്തിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഈ കേസിൽ 53 വർഷങ്ങളായി വാദം നടന്നുകൊണ്ടിരിക്കുകയാണ്. ഒടുവിൽ ഇന്നലെ ബാഗ്പത് കോടതിയാണ് ഹിന്ദു പക്ഷത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
Discussion about this post