ന്യൂഡെൽഹി: മ്യാൻമറിലെ റാഖൈലുളള ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സുരക്ഷാ സാഹചര്യം വഷളായ സാഹചര്യത്തിൽ പ്രശ്‌നബാധിത പ്രദേശം വിട്ടുപോകാൻ പൗരന്മാരോട് മന്ത്രാലയം നിർദ്ദേശിച്ചു. നിലവിലെ സാഹചര്യം കാരണം റാഖൈൻ സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കാനും ഇന്ത്യക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ലാൻഡ്‌ലൈനുകൾ ഉൾപ്പെടെയുള്ള ടെലികമ്മ്യൂണിക്കേഷൻ മാർഗങ്ങളുടെ തടസ്സവും അവശ്യവസ്തുക്കളുടെ കടുത്ത ദൗർലഭ്യവും മൂലം റാഖൈൻ സംസ്ഥാനം മോശമായ സുരക്ഷാ സാഹചര്യം അഭിമുഖീകരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
2021 ഫെബ്രുവരി ഒന്നിന് അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചെടുത്തതുമുതൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മ്യാൻമർ വ്യാപകമായ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. കഴിഞ്ഞ മാസം, മ്യാൻമറിലെ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. തുടന്ന് മ്യാൻമറുമായുള്ള അതിർത്തിയിലെ 1,643 കിലോമീറ്റർ മുഴുവൻ സുരക്ഷാവേലി കെട്ടാനുള്ള പദ്ധതികൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ഇതോടെ അതിർത്തിക്ക് സമീപം താമസിക്കുന്നവർക്ക് 16 കിലോമീറ്റർ പരസ്പരം സഞ്ചരിക്കാൻ അനുവദിക്കുന്ന സ്വതന്ത്ര ഇടനാഴിക്ക് അന്ത്യം കുറിക്കും. മണിപ്പൂരിലെ മൊറെയിൽ 10 കിലോമീറ്റർ ദൈർഘ്യത്തിൽ ഇതിനകം വേലി കെട്ടിക്കഴിഞ്ഞതായി അമിത് ഷാ സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.
നേരത്തെ രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ കേന്ദ്രം ഉടൻ വേലി കെട്ടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. മ്യാൻമറുമായുള്ള ഇന്ത്യയുടെ അതിർത്തി ഉടൻ തന്നെ ബംഗ്ലാദേശുമായുള്ള അതിർത്തി പോലെ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. മ്യാൻമറുമായുള്ള ഇന്ത്യയുടെ ഫ്രീ മൂവ്‌മെന്റ് റെജിം കരാറും സർക്കാർ പുനഃപരിശോധിക്കുന്നുണ്ടെന്നും ഇന്ത്യയിലേക്കുള്ള സ്വതന്ത്ര സഞ്ചാരം ഉടൻ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

