ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്തി പ്രാപിച്ച് ബിജെപി. 15 മുന്‍ എംഎല്‍എമാരും മുന്‍ എംപിയും അടക്കം 18 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയില്‍ ചേര്‍ന്നവരിൽ ഭൂരിഭാഗവും സംസ്ഥാനത്തെ എഐഎഡിഎംകെയിൽ നിന്നുള്ളവരാണ്. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, എല്‍ മുരുകന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവര്‍ ബിജെപിയില്‍ അംഗത്വമെടുത്തത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ സാന്നിധ്യം തമിഴ്നാട്ടിൽ ശക്തമാക്കാൻ ബിജെപി ശ്രമിക്കുന്നതിന്റെ വിജയമാണ് ഇത്രയും നേതാക്കൻമാർ ഒരുമിച്ച് ചേർന്നതെന്ന് ബിജെപി സംസ്ഥാന ഘടകം വ്യക്തമാക്കി. തമിഴ്നാട് ഭാരതീയ ജനതാ പാർട്ടിയുടെ വഴിയേ പോകുന്നുവെന്നും ഈ നേതാക്കളുടെ അനുഭവസമ്പത്ത് മുഴുവൻ ബിജെപിക്ക് ഗുണം ചെയുമെന്നും അണ്ണാമലൈ പറഞ്ഞു. തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങൾക്ക് കൂടുതൽ ശക്തി പകരാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അവരെ സ്വാഗതം ചെയ്തുകൊണ്ട് അണ്ണാമലൈ പറഞ്ഞു. തമിഴ്‌നാട്ടിലെ സാഹചര്യങ്ങൾ ബിജെപി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്‍മന്ത്രി ഗോമതി ശ്രീനിവാസന്‍, മുന്‍ എംഎല്‍എ ആര്‍ ദുരൈസാമി, കരൂരില്‍ നിന്നുള്ള മുന്‍ എംഎല്‍എ കെ വടിവേല്‍, കോണ്‍ഗ്രസ് നേതാവ് കെ ആര്‍ തങ്കരശ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നവരില്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എഐഎഡിഎംകെ സഖ്യം ഉപേക്ഷിച്ചതോടെ, ബിജെപി സംസ്ഥാനത്ത് മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.
Discussion about this post