തൃശ്ശൂര്‍: സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരിയുടെ വിതരണം ആരംഭിച്ചു. തൃശ്ശൂരിലാണ് ആദ്യ വില്‍പ്പന നടത്തിയത്. 150 ചാക്ക് പൊന്നി അരി കിലോയ്ക്ക് 29 രൂപ നിരക്കിലാണ് വിറ്റത്. ജില്ലയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ കൂടുതല്‍ ഇടങ്ങളില്ലേക്ക് അരി എത്തിക്കുന്നുണ്ട്. മറ്റ് ജില്ലകളിൽ വരുന്ന ദിവസം മുതൽ വിതരണം നടത്തുമെന്നാണ് പ്രതിക്ഷിക്കുന്നത്.
അടുത്തയാഴ്ചയോടെ കൂടുതല്‍ ലോറികളിലും വാനുകളിലും കേരളം മുഴുവന്‍ ഭാരത് അരി വിതരണത്തിന് തയ്യാറാക്കാനാണ് പദ്ധതി. നാഫെഡ്, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയവർക്കാണ് വിതരണ ചുമതല. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും അരി ലഭ്യമാക്കും.
അഞ്ച്, പത്ത് പായ്‌ക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യമന്ത്രി പീയുഷ് ഗോയൽ അറിയിച്ചിരുന്നു. ഇതിനായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 5 ലക്ഷം ടൺ അരി നാഫെഡിനും എൻസിസിഎഫിനും നൽകിയിരുന്നു. ആദ്യഘട്ടത്തിൽ ചില്ലറ വിപണി വിൽപനയ്‌ക്കായി അഞ്ച് ലക്ഷം ടൺ അരിയാണ് കേന്ദ്രം അനുവദിച്ചത്. ഇതിന് മുമ്പ് സബ്സിഡി നിരക്കിൽ സർക്കാർ ഭാരത് ആട്ടയും ഭാരത് ഛനയും വിപണിയിലെത്തിച്ചിരുന്നു.
Discussion about this post