ദില്ലി: രാഹുൽ ഗാന്ധി ഇതു വരെ സ്റ്റാർട്ടാകാത്ത സ്റ്റാർട്ടപ്പാണെന്നും,കോൺഗ്രസിന് നാല്പത് സീറ്റെങ്കിലും നേടാൻ ആവട്ടേയെന്ന് പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം. രാജ്യ സഭയിലാണ് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും മോഡി പരിഹസിച്ചത്.
മല്ലികാർജ്ജുൻ ഖർഗെയുടെ പ്രസംഗം ഏറെ നേരമ്പോക്ക് നൽകിയെന്നും, കമാൻഡർ ദില്ലിയിൽ ഇല്ലാത്തതു കൊണ്ടാണ് ഖർഗെയ്ക്ക് ഇത്ര സ്വാതന്ത്ര്യം കിട്ടിയതെന്നും മോദി പരിഹസിച്ചു. ” 400 സീറ്റ് കിട്ടുമെന്ന് അനുഗ്രഹിച്ചതിന് ഖർഗെയ്ക്ക് നന്ദിയുണ്ട്. തന്റെ ശബ്ദത്തിന് ജനങ്ങൾ കരുത്ത് നൽകി” മോദി പറഞ്ഞു.
തെക്കേ ഇന്ത്യ വിഭജിക്കുന്നതിനെക്കുറിച്ചാണ് കോൺഗ്രസ് സംസാരിക്കുന്നത്. വിഘടനവാദവും ഭീകരവാദവും കോൺഗ്രസ് പ്രോത്സാഹിപ്പിച്ചു. ഇന്ത്യയുടെ മണ്ണ് വിദേശ ശക്തികൾക്ക് സമ്മാനിച്ച പാർട്ടിയാണ് കോൺഗ്രസ്. സ്വാതന്ത്ര്യത്തിനു ശേഷവും അടിമത്ത മനോഭാവം കോൺഗ്രസ് തുടർന്നു. എന്തു കൊണ്ട് ബ്രിട്ടീഷുകാരുടെ ശിക്ഷ നിയമം മാറ്റിയില്ലെന്നും മോദി ചോദിച്ചു.
ജവഹർലാൽ നെഹ്റു സംവരണത്തെ എതിർക്കുകയാണ് ചെയ്തത്. ജമ്മുകശ്മീരിലെ പിന്നാക്ക വിഭാഗങ്ങളുടെ അധികാരം പുന:സ്ഥാപിച്ചത് ബിജെപിയാണ്. ബിആർ അംബേദ്ക്കർക്ക് ഭാരത രത്ന നല്കാൻ കോൺഗ്രസ് തയ്യാറായില്ല. പിന്നാക്ക വിഭാഗത്തിൽ പെടുന്ന സീതാറാം കേസരിയെ കോൺഗ്രസ് തെരുവിൽ എറിഞ്ഞു. ആദിവാസി മഹിള രാഷ്ട്രപതിയാകുന്നതിനെ കോൺഗ്രസ് എതിർത്തുവെന്നും മോദി പറഞ്ഞു.
ബിഎസ്എൻഎൽ, എംടിഎൻഎൽ, എയർ ഇന്ത്യ തുടങ്ങിയവയെ തകർത്തത് കോൺഗ്രസ് ആണെന്നും, എൽഐസിയുടെ ഓഹരി വില ഇന്ന് റെക്കോഡിലെത്തിയെന്നും, പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം 234 ഇൽ നിന്ന് 254 ആയതായും പ്രധാനമന്ത്രി വ്യക്തമാക്കി

