ഗണേഷ് കുമാറുമായി ഒത്തുപോകുന്നില്ല: കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന് ബിജു പ്രഭാകർ
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ പി ഗണേഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നത തുടരുന്നതിനിടെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ബിജു പ്രഭാകര്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി. കെഎസ്ആർടിസി എംഡി സ്ഥാനത്തോടൊപ്പം ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഗതാഗത മന്ത്രി കെ പി ഗണേഷ് കുമാർ സ്ഥാനമേറ്റത്തോടെ കെഎസ്ആർടിസിയിലെ പൊട്ടിത്തെറികൾ ഒന്നൊന്നായി പുറത്തു വരികയാണ്. കെഎസ്ആർടിസി മാനേജ്മെൻ്റ് കൈകൊണ്ട് പല നടപടികളിലും കടുത്ത വിയോജിപ്പുമായി മന്ത്രി കെബി ഗണേഷ് കുമാർ രംഗത്തെത്തിയതോടെയാണ് മാനേജ്മെൻ്റും മന്ത്രിയും തമ്മിലുള്ള നീരസം മറനീക്കി പുറത്തുവന്നത്. കെഎസ്ആർടിസി മാനേജ്മെൻ്റിൻ്റെ പല തീരുമാനങ്ങൾക്കെതിരെയും കെബി ഗണേഷ് കുമാർ പരസ്യ വിയോജിപ്പ് പ്രകടിപ്പിച്ചത്, മാനേജ്‌മെൻ്റിൻ്റെ പിടിപ്പുകേടായാണ് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ഇനി തുടർന്നു പോകാൻ കഴിയില്ല എന്ന നിലപാടാണ് ഇപ്പോൾ ബിജു പ്രഭാകർ എടുത്തിരിക്കുന്നത്.
തിരുവനന്തപുരം സിറ്റിയിൽ സർവീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ കാര്യത്തിൽ ഗണേഷ് കുമാർ വിമർശനവുമായി രംഗത്തെത്തിയത് കെഎസ്ആർടിസി മാനേജ്മെൻ്റിനെയും മറ്റു മന്ത്രിമാരെയും ഞെട്ടിച്ചിരുന്നു. ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്നാണ് ഗണേഷ് കുമാർ തുറന്നുപറഞ്ഞത്. ഈ തുറന്നുപറച്ചിലാണ് നിലവിലെ ഭിന്നത കാരണമായത്.
Discussion about this post