കണ്ണൂർ: തില്ലങ്കേരിയിൽ തെയ്യം കെട്ടിയയാൾക്ക് നാട്ടുകാരുടെ കൂട്ടത്തല്ല്. കൈതച്ചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. പരാതി ഇല്ലാത്തതിനാൽ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.
പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആളെയാണ് നാട്ടുകാർ തല്ലിയത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യം വരുന്ന ചടങ്ങ് നടന്നിരുന്നു. ഇതിനിടയിൽ ഉഗ്രരൂപത്തിൽ ആളുകളെ പിന്തുടർന്ന് ഭയപ്പെടുത്താറുണ്ട്. ഇത് കണ്ട് പേടിച്ചോടിയ ഒരു കുട്ടി വീണു പരിക്കേറ്റു. തുടർന്ന് നാട്ടുകാരിൽ ഒരു വിഭാഗം തെയ്യം കെട്ടിയയാളെ കൈകാര്യം ചെയ്യുകയായിരുന്നു.
പൊലീസും ഉത്സവ കമ്മിറ്റിക്കാരും ചേർന്ന് രംഗം ശാന്തമാക്കി. അനിഷ്ട സംഭവങ്ങളില്ലാതെ ചടങ്ങ് പൂർത്തിയാക്കാൻ പൊലീസ് നിർദേശം നൽകി. ഇല്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി. കൈതചാമുണ്ഡി തെയ്യം ചുരുക്കം ക്ഷേത്രങ്ങളിലാണ് കെട്ടിയാടാറുള്ളത്.
Discussion about this post