കൊല്ലം: കൊട്ടാരക്കര അമ്പലപ്പുറത്ത് വീടുകളിലെ ടൈലുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തകരുകയും ഭിത്തികളിൽ വിള്ളൽ വീഴുകയും ചെയ്തതായി നാട്ടുകാർ. വീടുമുഴുവൻ കുലുക്കം അനുഭവപ്പെട്ടതിനാൽ വീട്ടുകാർ ഇറങ്ങിയോടി. ഭൂമി ശാസ്ത്ര വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് സംഭവം. കൊട്ടാരക്കര അമ്പലപ്പുറത്ത് രാജീവ് എന്നയാളുടെ വീടിന്റെ അടുക്കള ഭാഗത്തെ ടൈലുകൾ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് വീടിന്റെ ഭിത്തികൾളിൽ വിളൽ വീണതായും വീട്ടുടമ പറഞ്ഞു. അടുക്കള, സ്റ്റെയർ കേസ് എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീടു മുഴുവൻ കുലുക്കം അനുഭവപ്പെട്ടതോടെ വീട്ടുകാർ പുറത്തേക്കിറങ്ങിയോടുകയായിരുന്നു. സമീപത്തെ വീടുകളിലും നേരിയ തോതിൽ വിള്ളലുകൾ രൂപപ്പെട്ടതായി നാട്ടുക്കാർ പറഞ്ഞു.
ആദ്യമായാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. അയൽവാസിയായ ആനന്ദവല്ലിയുടെ വീട്ടിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നഗരസഭാ അധികൃതർ, വില്ലേജ് ഓഫീസർ, ജിയോളജി വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. കാരണമെന്തെന്ന് അറിയാതെ ആശങ്കയിലാണ് പ്രദേശവാസികൾ. വിദഗ്ദ്ധ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post