തിരുവനന്തപുരം: എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ. കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേന്ദ്ര സര്‍ക്കാരും എസ്എഫ്ഐഒ ഡയറക്ടറ്ററിനെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. മനു പ്രഭാകര്‍ കുല്‍ക്കര്‍ണിയെന്ന അഭിഭാഷകൻ മുഖേനയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി കര്‍ണാടക ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
അന്വേഷണത്തില്‍ എക്സാലോജിക്കില്‍ നിന്ന് വിവരങ്ങള്‍ തേടുന്നതിനായി വീണ വിജയന് നോട്ടീസ് നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സ്റ്റേ ആവശ്യപ്പെട്ടുള്ള എക്സാലോജിക്കിന്‍റെ ഹര്‍ജി. വീണ വിജയൻ കുറ്റവാളിയെന്ന് സ്വയം സമ്മതിക്കുന്ന നീക്കമാണിതെന്ന് കേസിലെ പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് പറഞ്ഞു.
എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കെഎസ്ഐഡിസിയും നേരത്തെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഉടൻ മറുപടി നല്‍കും. അന്വേഷണത്തിന്‍റെ ഭാഗമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തി വരികയാണ് എസ്എഫ്ഐഒ സംഘം.
സിഎംആർഎല്ലിൽ രണ്ട് ദിവസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ്, സംഘം കെഎസ്ഐഡിസിയിൽ എത്തിയത്. എക്സാലോജിക്കിൽ നിന്ന് വിവരങ്ങൾ തേടാനുള്ള നടപടിയും ഉടൻ ഉണ്ടാകുമെന്നാണ് സൂചന. നേരിട്ട് ഹാജരാകാനോ, രേഖകൾ സമർപ്പിക്കാനോ നിർദ്ദേശിച്ച് വീണയ്ക്ക് ഉടൻ നോട്ടീസ് നൽകിയേക്കും.
Discussion about this post