കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജയിലുകളില്‍ വനിതാ തടവുകാർ തടവിലിരിക്കെ ഗർഭിണികളാകുന്നുവെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. കുറഞ്ഞത് 196 ജനനങ്ങൾ ഇത്തരത്തില്‍ നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനാല്‍ സ്ത്രീ തടവുകാരുടെ ജയിലിനുള്ളില്‍ പുരുഷ ജീവനക്കാരുടെ പ്രവേശനം ഉടൻ നിരോധിക്കണമെന്നും കല്‍ക്കട്ട ഹൈക്കോടതിയോട് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.
ഇന്നലെയാണ് വനിത തടവുകാരുടെ ഇടങ്ങളില്‍ പുരുഷ ജീവനക്കാരുടെ പ്രവേശനം വിലക്കണമെന്നാവവശ്യപ്പെട്ട് റിപ്പോർട്ട് നല്‍കിയത്. ജയിലുകളിലേക്ക് അയയ്ക്കുന്നിന് മുൻപ് വനിതാ തടവുകാർ ഗർഭിണിയാണോയെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം, ജസ്റ്റിസ് സുപ്രതിം ഭട്ടാചാര്യ എന്നിവരടങ്ങിയ കല്‍ക്കട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് റിപ്പോർട്ട് നല്‍കിയത്. തിങ്കളാഴ്ച കേസ് പരിഗണിച്ചേക്കും.
അലിപൂരിലെ വനിതാ ജയില്‍ ഇൻസ്പെക്ടർ ജനറല്‍, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി എന്നിവരോടൊപ്പം സന്ദർശിച്ചപ്പോള്‍ അവിടെ അമ്മമാരായ തടവുകാരോടൊപ്പം 15 കുട്ടികളെ കണ്ടതായും ഇവർ ജയിലില്‍ വച്ച് ഗർഭിണികളായവരാണെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. എന്നാല്‍ വനിതാ തടവുകാർ ഗർഭിണികളായ സമയത്തെ കുറിച്ചും എങ്ങനെയെന്നതിനെ കുറിച്ചുമുള്ള രേഖകള്‍ അമിക്കസ് ക്യൂറി വിശദമാക്കിയിട്ടില്ല.
ജയിലുകളില്‍ സ്ത്രീകള്‍ ഗർഭിണികളാകുന്നതായി തനിക്ക് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ആറു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ജയിലില്‍ അമ്മമാരോടൊപ്പം കഴിയാൻ അനുവാദമുണ്ടെന്നും അതുകൊണ്ടാണ് കുട്ടികള്‍ ജയിലിലുള്ളതായി കാണുന്നതെന്നുമാണ് പശ്ചിമ ബംഗാള്‍ കറക്ഷണല്‍ സർവീസിലെ മുതിർന്ന ഐപിഎസ് ഓഫീസർ പ്രതികരിച്ചത്.
Discussion about this post