ഹൽദ്വാനി: സർക്കാർ ഭൂമിയിൽ നിർമിച്ച മദ്രസ തകർത്തതിന് പിന്നാലെ ഉണ്ടായ സംഘർഷത്തിൽ നാലു പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഉത്തരാഖണ്ഡിൽ കർഫ്യു പ്രഖ്യാപിച്ചു. അക്രമസംഭവങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷാവസ്ഥ നിയന്ത്രണവിധേയമാക്കാൻ കർഫ്യൂ ഏർപ്പെടുത്തുകയും അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കുകയും ചെയ്തിരിക്കുകയാണ്. അക്രമികളെ വെടിവെക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
സംഘർഷം വ്യാപിച്ചതോടെ ഹൽദ്വാനി ബൻഭൂൽപുര മേഖലയിൽ സ്കൂളുകൾ പൂട്ടുകയും, ക്രമസമാധാന നില നിലനിർത്തുന്നതിനായി ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിടുകയും ചെയ്തു. ചീഫ് സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ് പോലീസ് എന്നിവരുമായി മുഖ്യമന്ത്രി സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും അനാശാസ്യ ഘടകങ്ങൾക്കെതിരെ കർശനമായി ഇടപെടാൻ നിർദേശം നൽകുകയും ചെയ്തു. സമാധാനം നിലനിർത്താൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിക്കുകയും കോടതി ഉത്തരവിനെത്തുടർന്നാണ് പൊളിക്കല്‍ നടപടിയെന്നും ധാമി പറഞ്ഞു.
പാട്ടത്തിനെടുത്ത ഒരാൾ തനിക്ക് വിറ്റ ഭൂമിയിൽ അബ്ദുൾ മാലിക് എന്നയാളാണ് പള്ളി പണിതതെന്ന് ബൻഭൂൽപുരയിലെ താമസക്കാരനായ സഫർ സിദ്ദിഖി പറഞ്ഞു. റവന്യൂ രേഖകളിൽ ഔദ്യോഗികമായി പരാമർശിക്കാത്ത സർക്കാർ ഭൂമിയാണ് നസൂൽ ഭൂമി. മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ എത്തിയാണ് സർക്കാർ ഭൂമിയിൽ നിർമിച്ച മദ്രസ പൊളിച്ചത്. ബൻഭൂൽപുര പോലീസ് സ്റ്റേഷന് സമീപം അനധികൃതമായാണ് മദ്രസ കെട്ടിടം നിർമിച്ചതെന്ന് അധികൃതർ പറഞ്ഞു. മദ്രസ പൊളിക്കുന്നതിനിടെ അക്രമികൾ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും പോലീസിന്‍റേത് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് തീയിടുകയും ചെയുകയായിരുന്നു.
Discussion about this post