കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചാൽ താനും പോകുമെന്ന് കെ മുരളീധരൻ . പ്രധാന മന്ത്രിയുടെ
വിരുന്നിൽ പങ്കെടുത്തതിൽ വിമർശനം നേരിടുന്ന ആർഎസ്പി എംപി എൻ കെ പ്രേമചന്ദ്രനെ ന്യായീകരിച്ചാണ് കെ. മുരളീധരൻ തൻ്റെ നിലപാട് വ്യക്തമാക്കിയത്.
സഭക്ക് അകത്തും പുറത്തും ബി ജെ പി സർക്കാറിനെ ഏറ്റവും കൂടുതൽ വിമർശിച്ച വ്യക്തിയായ പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു.
ഇത്തവണയും ആർഎസ്പിക്ക് സീറ്റ് നൽകും. പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ല. അതിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മുരളീധരൻ പറഞ്ഞു.
ലീഗ് മൂന്നാം സീറ്റ് ഉഭയ കക്ഷി ചർച്ചയിലൂടെ പരിഹരിക്കും. കേരളത്തിലും രാജ്യമൊട്ടുക്കും കോൺഗ്രസിന്റെ ശത്രു ബി ജെ പിയാണെന്നും മുരളി കൂട്ടിച്ചേർത്തു. നരേന്ദ്രമോദിയുടെ വിരുന്നിൽ പങ്കെടുത്ത ആർഎസ് പി എംപി എൻ കെ പ്രേമചന്ദ്രനെതിരെ സിപിഎം വിമർശനം ശക്തമാക്കുന്നതിനിടെയാണ് മുരളീധരന്റെ പിന്തുണ.
അതേ സമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ച് നൽകിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാൻ സിപിഎം ശ്രമമെന്ന് ആരോപിച്ച് എൻകെ പ്രേമചന്ദ്രൻ രംഗത്തെത്തി. വില കുറഞ്ഞ ആരോപണമാണിതെന്നും എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സി പി ഐ എം ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതേ തുടർന്നാണ് പോയത്. അവിടെ ചെന്നപ്പോൾ ഭക്ഷണം കഴിക്കാൻ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നായിരുന്നു അത്. പാർലമെൻററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നിൽ പങ്കെടുത്തത്. ഇത് മാരക കുറ്റമായി ചിത്രീകരിക്കാനുള്ള സി പി ഐ എം നീക്കം തന്നെ അറിയുന്നവർ തള്ളിക്കളയും. താൻ ആർ എസ് പിയായി തന്നെ തുടരുമെന്ന് വ്യക്തമാക്കിയ എംപി, രാഷ്ട്രീയ മുതലടെപ്പിന് സി പി എം ശ്രമിക്കുകയാണെന്നും വിമര്‍ശിച്ചു
Discussion about this post