ചെന്നൈ: കേരളത്തിന് സമാനമായി തമിഴ്നാട്ടിലും സർക്കാർ-ഗവർണർ ഏറ്റുമുട്ടൽ. തമിഴ്നാട് സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവര്‍ണര്‍ ആര്‍ എന്‍ രവി. നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളോട് വിയോജിപ്പുണ്ടെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. പല ഭാഗങ്ങളും വസ്തുതാ വിരുദ്ധവും ധാര്‍മ്മികതയ്ക്ക് നിരക്കാത്തതുമാണെന്നും സഭയില്‍ തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് ഭരണഘടനയെ നിന്ദിക്കുന്നതിന് തുല്യമാണെന്നും വ്യക്തമാക്കിയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം പ്രസംഗം അവസാനിപ്പിച്ചത്.
ഏതാണ്ട് മൂന്നു മിനിറ്റ് മാത്രമാണ് ഗവര്‍ണര്‍ നിയമസഭയില്‍ പ്രസംഗിച്ചത്. എംഎല്‍എമാര്‍ അമ്പരന്നു നില്‍ക്കെ, ഗവര്‍ണറെ സഭയിലിരുത്തി സ്പീക്കര്‍ നിയമസഭയില്‍ നയപ്രഖ്യാപനം വായിച്ചു. തമിഴിലാണ് സ്പീക്കര്‍ നയപ്രഖ്യാപന പ്രസംഗം വായിച്ചത്.
പല നിയമസഭകളിലും നയപ്രഖ്യാപന പ്രസംഗത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് ഗവർണർ നയപ്രഖ്യാപനത്തിലെ ഏതാനും ഭാഗങ്ങൾ വായിക്കാതെ ഒഴിവാക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ ഗവര്‍ണര്‍ നയപ്രഖ്യാപനം വായിക്കാതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാൽ ഗവർണർ വായിക്കാതിരുന്ന നയപ്രഖ്യാപനപ്രസംഗം അദ്ദേഹത്തെ സാക്ഷിയാക്കി സ്പീക്കർ വായിക്കുന്നത് ഇതാദ്യമായാണെന്ന് റിപ്പോർട്ട്.
Discussion about this post