കണ്ണൂർ: കണ്ണൂർ കൊട്ടിയൂർ പന്നിയാംമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കടുവ കുടുങ്ങി. കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവ കമ്പിവേലിയിൽ കുടുങ്ങി നിൽക്കുന്നത് കണ്ടത്. വനം വകുപ്പ് സംഘം സ്ഥലത്തെത്തി.
സംസ്ഥാനത്ത് കാട്ടിൽ നിന്നും വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തുടർകഥയാവുന്ന സാഹചര്യമാണ്. പുലി, കരടി എന്നീ വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ഭീതി പടർത്തിയതിന് പിന്നാലെ വയനാട്ടിൽ നാട്ടിലിറങ്ങിയ കാട്ടാന ഒരാളുടെ ജീവനുമെടുത്തിരുന്നു. കാട്ടാനയെ പിടികൂടുവാനുള്ള ദൗത്യം വനം വകുപ്പ് തുടരുകയാണ്. അതിനിടയിലാണ് കണ്ണൂരിൽ കടുവ നാട്ടിലിറങ്ങി എന്ന വാർത്ത പുറത്തുവരുന്നത്.
കടുവ കുടുങ്ങിയ വാർത്തയറിഞ്ഞ് വനം വകുപ്പ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കടുവയെ മയക്കുവെടിവയ്ക്കാന്‍ അനുമതി തേടിയിരിക്കുകയാണെന്നാണ് വിവരം. അതേസമയം കടുവ കമ്പി വേലിയിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് ചാടാൻ സാധ്യതയുളളതിനാൽ പ്രദേശത്തേക്കുളള റോഡുകൾ അടച്ചു. സ്ഥലത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

