ഉസലംപട്ടി: ദേശീയപുരസ്കാര ജേതാവായ തമിഴ് സംവിധായകൻ എം. മണികണ്ഠന്റെ വസതിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്. കവർച്ച ചെയ്ത വസ്തുക്കളിലുണ്ടായിരുന്ന ദേശീയ പുരസ്കാരം മാത്രം തിരിച്ചുനൽകിയിരിക്കുകയാണ് മോഷ്ടാക്കൾ.ഇതിലെ ദേശീയ പുരസ്കാരത്തിന്റെ മെഡലുകളാണ് മോഷ്ടാക്കൾ കഴിഞ്ഞദിവസം രാത്രി തിരികെ നൽകിയത്.
കഴിഞ്ഞദിവസം മണികണ്ഠന്റെ ഉസലംപട്ടിയിലെ വസതിയിൽ നിന്ന് ഒരുലക്ഷം രൂപയും അഞ്ച് പവൻ സ്വർണാഭരണങ്ങളും രണ്ട് ദേശീയ അവാർഡ് മെഡലുകളും മോഷണംപോയത്
തമിഴ്സിനിമാലോകത്തെ കഴിഞ്ഞദിവസത്തെ പ്രധാന ചർച്ചകളിലൊന്നായിരുന്നു. സംവിധായകന്റെ ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കേയാണ് മോഷ്ടാക്കൾ മെഡലുകൾ തിരികെ നൽകുന്നത്. പോളിത്തീൻ കവറിലാക്കി വീടിന്റെ ഗേറ്റിനുമുകളിൽ വെയ്ക്കുകയായിരുന്നു. ഒരു കത്തും ഇതിനൊപ്പം ഉണ്ടായിരുന്നു.
തങ്ങളോട് ക്ഷമിക്കണമെന്നും നിങ്ങൾ അധ്വാനിച്ച് സമ്പാദിച്ച് നിങ്ങൾക്കുള്ളതാണ് എന്നുമാണ് കത്തിന്റെ ഉള്ളടക്കം. മോഷ്ടാക്കൾ നാടുവിട്ടതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എം മണികണ്ഠൻ സിനിമാത്തിരക്കുകൾ കാരണം ചെന്നൈയിലാണ് താമസിക്കുന്നത്. മണികണ്ഠന്റെ ഉസലംപട്ടിയിലെ താമസസ്ഥലം സഹായിയുടേയും ഡ്രൈവറുടേയും മേൽനോട്ടത്തിലാണുള്ളത്. കഴിഞ്ഞദിവസം വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് പുറത്തുപോയിവന്ന ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഡ്രൈവറാണ് പോലീസിനെ വിവരമറിയിച്ചത്. മോഷ്ടാക്കൾക്കായി തിരച്ചിൽ തുടരുകയാണ്.
Discussion about this post