കൊച്ചി : കത്രക്കടവിലെ ഇടശ്ശേരി ബാറില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് മൂന്നുപേർ പിടിയില്‍. വെടിയുതിർത്ത സംഘം എത്തിയത് വാടകയ്ക്കെടുത്ത കാറിലാണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഷമീർ, ദില്‍ഷൻ, വിജയ് എന്നിവരെയാണ് പിടികൂടിയത്.
തൊടുപുഴ- മൂവാറ്റുപുഴ സ്വദേശികളാണ് പ്രതികളെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ ചോദ്യം ചെയ്തശേഷമേ കൃത്യം സംബന്ധിച്ച പൂർണ വിവരം വ്യക്തമാവുകയുള്ളുയെന്ന് പൊലീസ് അറിയിച്ചു. വധശ്രമം, ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
കത്രക്കടവിലെ ഇടശേരി ബാറില്‍ കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് സംഭവം. കാറിലെത്തിയ നാലംഗ സംഘം മദ്യപാനത്തെത്തുടർന്ന് വഴക്കുണ്ടാക്കുകയും ഇതു ചോദ്യം ചെയ്ത മാനേജർ ജിതിനെ ആദ്യം മർദിക്കുകയുമായിരുന്നു. പിന്നീട് തടയാൻ ബാറിലെ ജീവനക്കാർ എത്തിയതോടെ ബഹളമുണ്ടാകുകയും പ്രതികൾ എയർഗൺ ഉപയോഗിച്ച് വെടി വെക്കുകയുമായിരുന്നു. ബാറിലെ വെയിറ്റർമാരായ സുജിൻ ജോണിനും അഖിലിനുമാണ് വെടിയേറ്റത്. പരിക്കേറ്റ ബാർ ജീവനക്കാർ ആശുപത്രിയില്‍ അപകടനില തരണം ചെയ്തു.

