ഇന്ന് മുതൽ രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, അബുദാബിയിൽ നടക്കുന്ന അഹ്‌ലൻ മോദി പരിപാടിയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും.
ഞാൻ ഫെബ്രുവരി 13നും 14നും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്കും ഫെബ്രുവരി 14നും 15നും ഖത്തറിലേക്കും ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. 2014നുശേഷം ഇത് എന്റെ ഏഴാമത്തെ യുഎഇ സന്ദർശനവും ഖത്തറിലേക്കുള്ള രണ്ടാമത്തെ സന്ദർശനവുമാണെന്നും അദേഹം യാത്രയ്ക്ക് തൊട്ടുമുമ്പ് എക്സിൽ കുറിച്ചു.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഭക്ഷ്യഊർജ സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ കഴിഞ്ഞ ഒമ്പതുവർഷത്തിനിടെ യുഎഇയുമായുള്ള നമ്മുടെ സഹകരണം പലമടങ്ങു വർധിച്ചു. സാംസ്‌കാരികവും ജനങ്ങൾ തമ്മിലുള്ളതുമായ നമ്മുടെ ബന്ധം മുമ്പത്തേക്കാളേറെ ശക്തമാണ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അബുദാബിയിൽ കൂടിക്കാഴ്ച നടത്താനും നമ്മുടെ സമഗ്രമായ തന്ത്രപ്രധാനപങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതു സംബന്ധിച്ചു വിപുലമായ ചർച്ചകൾ നടത്താനും ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം മുഖ്യാതിഥിയായിരുന്ന ‘ഊർജസ്വല ഗുജറാത്ത് ആഗോള ഉച്ചകോടി 2024’ൽ അടുത്തിടെ ഗുജറാത്തിൽ അദ്ദേഹത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ക്ഷണപ്രകാരം, 2024 ഫെബ്രുവരി 14ന്, ദുബായിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ ലോകനേതാക്കളെ ഞാൻ അഭിസംബോധന ചെയ്യും. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദുമായി നടത്തുന്ന ചർച്ചകളിൽ ദുബായുമായുള്ള നമ്മുടെ ബഹുമുഖബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അബുദാബിയിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ യുഎഇയിലെ എല്ലാ എമിറേറ്റുകളിൽനിന്നുമുള്ള ഇന്ത്യൻ സമൂഹത്തെ ഞാൻ അഭിസംബോധന ചെയ്യുമെന്നും അദേഹം പറഞ്ഞു.
സന്ദർശനത്തിന്റെ ആദ്യദിനമായ ചൊവ്വാഴ്ച അബുദാബി സായിദ് സ്‌പോർട്‌സ് സിറ്റിയിൽ നടക്കുന്ന അഹ്‌ലൻ മോദി മഹാസമ്മേളനത്തിൽ പ്രധാനമന്ത്രി എത്തും.ഇന്ത്യൻ എംബസ്സിയും 150-ഓളം പ്രവാസി സംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയാണിത്. ഉച്ചയ്ക്ക് 12 മണിക്ക് കലാപരിപാടികൾ തുടങ്ങും. വൈകിട്ട് ആറോടെ പ്രധാനമന്ത്രി വേദിയിലെത്തും. യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിക്കൊപ്പം വേദിയിൽ ഉണ്ടാകുമെന്നാണ് സൂചന. രാത്രി 11 മണി വരെ പരിപാടികൾ തുടരും.
രണ്ടാം ദിനമായ ബുധനാഴ്ച രാവിലെ ദുബായ് ഗ്ലോബൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. യുഎഇ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുമായുള്ള ചർച്ചയും ബുധനാഴ്ചയാണ് നടക്കുക. തുടർന്ന് അബുദാബി ബാപ്‌സ് ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾ. ബാപ്‌സ് സന്യാസിമാർ പ്രതിഷ്ഠയും പൂജയും നടത്തും.വൈകീട്ട് നാലിനാണ് പ്രധാനമന്ത്രി ക്ഷേത്രം ഭക്തർക്കായി സമർപ്പിക്കുക. യുഎഇ ഭരണകൂടം സമ്മാനിച്ച 27 ഏക്കർ ഭൂമിയിലാണ് ക്ഷേത്രമുള്ളത്.
യുഎഇ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മോദി ഖത്തറിലേക്ക് തിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തർ അമീർ ഷൈഖ് തമീം ബിൻ ഹമദുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. മോദിയുടെ രണ്ടാമത്തെ ഖത്തർ സന്ദർശനമാണിത്. ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് ഇന്ത്യൻ മുൻ നാവികരുടെ മോചനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്.
Discussion about this post