ഉദ്ഘാടനത്തിനൊരുങ്ങി അബുദാബി ബാപ്പ്സ് ഹിന്ദു മന്ദിർ. ദുബായിലെ ഗുരുനാനാക്ക് ദർബാർ ഗുരുദ്വാര പ്രദർശിപ്പിച്ച ശ്രദ്ധേയമായ സർവമത ഐക്യദാർഢ്യത്തിന് അബുദാബിയിലെ ബാപ്പ്സ് ഹിന്ദു മന്ദിറിൻ്റെ (ക്ഷേത്രം) ഉദ്ഘാടന ദിവസം സാക്ഷ്യം വഹിക്കും. ക്ഷേത്രത്തിന്റെ ഉദ്ഘാടന ദിവസം ദുബായിലെ ഗുരുദ്വാരയിൽ 5000 പേർക്ക് സൗജന്യ ഭക്ഷണം നൽകും.
മതമോ ദേശീയതയോ പരിഗണിക്കാതെ ഭക്ഷണം ആവശ്യപ്പെട്ട് എത്തുന്ന ആർക്ക് വേണമെങ്കിലും വിശപ്പകറ്റി ഭഗവാന്റെ അനുഗ്രഹം തേടാമെന്നും ഗുരുദ്വാരയുടെ മാനേജ്‌മെൻ്റ് അംഗങ്ങൾ പറയുന്നു.
ബുധനാഴ്ച (ഫെബ്രുവരി 14) മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം ഉദ്ഘാടനം ചെയ്യുന്ന ബിഎപിഎസ് സ്വാമിനാരായൺ സൻസ്തയുടെ ആത്മീയ ഗുരു മഹന്ത് സ്വാമി മഹാരാജിൻ്റെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സാന്നിധ്യത്തിൽ ഭക്ഷണം വിളമ്പും.
എല്ലാ ഗുരുദ്വാരകളിലും ലംഗർ സേവിക്കുന്നത് ഒരു പാരമ്പര്യമാണെന്ന് ഗുരുദ്വാര കമ്മിറ്റി ചെയർമാൻ സുരേന്ദർ സിംഗ് കാന്ധാരി അഭിപ്രായപ്പെട്ടു. അന്നദാനം നടത്തുന്നതിനെയാണ് ലംഗർ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
എല്ലാ മതസ്ഥരെയും അംഗീകരിക്കാനുള്ള യു.എ.ഇയുടെ വിശാലമായ മനസ്സാണ് അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടി ചേർത്തു. മാത്രമല്ല ക്ഷേത്രത്തിന്റെ ഉദ്ഘാടന ദിവസം ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഞങ്ങൾ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
BAPS ഹിന്ദു മന്ദിർ പദ്ധതിയുടെ തലവനായ സ്വാമി ബ്രഹ്മവിഹാരിദാസിനോട് ഇത്തരമൊരു അന്നദാനത്തെ കുറിച്ച് പറഞ്ഞപ്പോൾ മറുത്തൊരക്ഷരം പറയാതെ അദ്ദേഹം സമ്മതിച്ചു. എല്ലാ മതങ്ങളോടുമുള്ള വിപുലമായ, മുൻകൈയെടുക്കുന്ന സമീപനത്തിനും ഐക്യത്തിനും സഹിഷ്ണുതയ്ക്കും ഉള്ള പ്രതിബദ്ധതയ്ക്കും യു.എ.ഇ അധികാരികളോട് നന്ദി പറയാനുള്ള ഞങ്ങളുടെ വഴി കൂടിയാണ് ഈ അന്നദാനമെന്നും സുരേന്ദർ സിംഗ് കാന്ധാരി കൂട്ടിചേർത്തു.
Discussion about this post