അബുദാബി: യു എ ഇയിലെ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് മോദി യു എ ഇയിലെത്തിയത്. ചൊവ്വാഴ്ച അബുദാബിയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് ‘അഹ്ലന്‍ മോദി’ സാംസ്‌കാരിക പരിപാടിയില്‍ അദ്ദേഹം സംസാരിച്ചു. അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
‘ഭാരതം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു’ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദി പ്രസംഗം തുടങ്ങിയത്. പിന്നീട് സംസ്‌കൃതം, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളില്‍ അദ്ദേഹം സദസിനെ അഭിസംബോധന ചെയ്തു. അടുത്ത തവണ അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ലോകത്തിലെ മൂന്നാം വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞാന്‍ എന്റെ കുടുംബാംഗങ്ങളെ കാണാനാണ് വന്നത്. നിങ്ങള്‍ ജനിച്ച മണ്ണിന്റെ സുഗന്ധം ഞാന്‍ കൊണ്ടുവന്നു. 140 കോടി ജനങ്ങളുടെ സന്ദേശം കൊണ്ടുവന്നു. ഭാരതം നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു,’ മോദി പറഞ്ഞു. യു എ ഇയില്‍ വിമാനമിറങ്ങിയപ്പോള്‍ വീട്ടിലാണെന്ന തോന്നല്‍ ഉണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. 2047-ഓടെ ഇന്ത്യയെ വികസിതരാജ്യമാക്കി മാറ്റും എന്നും അദ്ദേഹം പറഞ്ഞു.
യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മോദിയെ അഭിവാദ്യം ചെയ്യുകയും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുകയും ചെയ്തു. നരേന്ദ്ര മോദിയും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചൊവ്വാഴ്ച ഉഭയകക്ഷി ചര്‍ച്ച നടത്തി. താന്‍ ഇതിന് മുന്‍പ് രാജ്യം സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവവും അദ്ദേഹം പങ്ക് വെച്ചു. ‘മൂന്ന് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യു എ ഇ സന്ദര്‍ശനമായിരുന്നു അത്.
നയതന്ത്രലോകം എനിക്ക് പുതിയതായിരുന്നു. വിമാനത്താവളത്തില്‍ എന്നെ അന്നത്തെ കിരീടാവകാശിയും അദ്ദേഹത്തിന്റെ അഞ്ച് സഹോദരന്മാരും സ്വാഗതം ചെയ്തു. ആ ഊഷ്മളതയും അവരുടെ കണ്ണുകളിലെ തിളക്കവും എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. ആ സ്വാഗതം എനിക്ക് മാത്രമല്ല, 140 കോടി ഇന്ത്യക്കാര്‍ക്കും വേണ്ടിയായിരുന്നു,’ മോദി പറഞ്ഞു. അതേസമയം മോദി ഇന്ന് അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യും.
Discussion about this post