ലഖ്‌നൗ: രണ്ടുനിലകളിലായി പന്ത്രണ്ട് മുറികളുള്ള കൂറ്റൻ വീട്, നീന്തൽക്കുളം, 0078 നമ്പറിൽ അവസാനിക്കുന്ന ആഡംബരക്കാറുകൾ, ഉത്തർപ്രദേശിൽ പൊലീസുകാരൻ സ്വന്തമാക്കിയത് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ. യുപി പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗത്തിലെ കോൺസ്റ്റബിൾ ശ്യാം സുശീൽ മിശ്ര കോടിക്കണക്കിന് രൂപ അനധികൃതമായി സമ്പാദിച്ചതായി കണ്ടെത്തി. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് പിന്നാലെ ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
1987ൽ തുച്ഛമായ ശമ്പളത്തിലാണ് ഇയാൾ ജോലിയിൽ പ്രവേശിപ്പിച്ചത്. മിശ്രയുടെ പൊലീസ് ജീവിതം മുഴുവൻ അഴിമതികൾ നിറഞ്ഞതായിരുന്നു. നിരവധി തവണ അദ്ദേഹം വകുപ്പുതല അന്വേഷണം നേരിട്ടുണ്ട്. കൂടാതെ നിരവധി തവണ ജോലിയിൽ നിന്ന് ഇയാളെ അന്വേഷണ വിധയമായി സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
രമാകാന്ത് എന്നയാൾ നൽകിയ പരാതിയിലാണ് മിശ്രയ്‌ക്കെതിരെ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തിയത്. 2019ൽ ലഖ്‌നൗവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു പരാതി. അന്വേഷണത്തിൽ കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തുകയായിരുന്നു. മിശ്ര അനധികൃതമായി സമ്പാദിച്ചത് കോടികളാണെന്നും അദ്ദേഹത്തിന്റെ വീടിന് മാത്രമായി അഞ്ചുകോടിയിലേറെ രൂപ വിലവരുമെന്നും പൊലീസ് പറഞ്ഞു.
Discussion about this post