തിരുവനന്തപുരം: കര്‍ഷക സംഘടനകള്‍ നാളെ (ഫെബ്രുവരി 16) നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഭാരത് ബന്ദ് കേരളത്തില്‍ ജനജീവതത്തെ ബാധിക്കില്ല.
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും (എസ്‌കെഎം) കേന്ദ്ര ട്രേഡ് യൂണിയനുകളുമാണ് രാജ്യവ്യാപക ബന്ദ് ആഹ്വാനം ചെയ്തത്. ‘ഗ്രാമീൺ ഭാരത് ബന്ദ്’ എന്ന് പേരിട്ടിരിക്കുന്ന ബന്ദ് നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് നാലുമണിവരെയാണ് നടക്കുക.
എന്നാല്‍, കേരളത്തിൽ രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകും. രാവിലെ 10 മണിക്ക് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്ന് സംസ്ഥാനത്തെ സമരസമിതി കോ- ഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാര്‍ അറിയിച്ചു. കേരളത്തില്‍ പ്രകടനം മാത്രമായിരിക്കും ഉണ്ടാകുക.
ഭാരത് ബന്ദിന് പുറമെ, പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാല് വരെ പ്രധാന റോഡുകളില്‍ കര്‍ഷകര്‍ ധര്‍ണ്ണ നടത്തും. പഞ്ചാബിലെ ഭൂരിഭാഗം സംസ്ഥാന, ദേശീയ പാതകളും വെള്ളിയാഴ്ച നാല് മണിക്കൂര്‍ അടച്ചിടും. തൊഴിലാളി യൂണിയനുകളും വിവിധ വ്യാപാരി സംഘടനകളും വിള കയറ്റുമതി ചെയ്യുന്നവരും അടക്കം ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
റെയില്‍ ഉപരോധിക്കുമെന്നും ജയില്‍ നിറക്കല്‍ സമരം നടത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ചയും സംയുക്ത ട്രേഡ് യൂണിയനും പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതം, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, ഗ്രാമീണ ജോലികള്‍, സ്വകാര്യ ഓഫീസുകള്‍, ഗ്രാമീണ കടകള്‍, ഗ്രാമീണ വ്യവസായിക, സേവന മേഖലയിലെ സ്ഥാപനങ്ങള്‍ എന്നിവ ഭാരത് ബന്ദിനോട് അനുബന്ധിച്ച് അടച്ചിടും.
Discussion about this post